Entertainment
Neha Pendse

നേഹ പെന്‍ഡ്സെ

Entertainment

നടി നേഹ പെന്‍ഡ്സെയുടെ വസതിയില്‍ നിന്നും 6 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി; ജോലിക്കാരന്‍ അറസ്റ്റില്‍

Web Desk
|
4 Jan 2024 5:49 AM GMT

നാല് വർഷം മുമ്പ് വിവാഹ സമ്മാനമായി ലഭിച്ച സ്വർണവളയും വജ്രം പതിച്ച മോതിരവും കാണാനില്ലെന്നാണ് ഡിസംബര്‍ 28ന് നല്‍കിയ പരാതിയില്‍ പറയുന്നത്

മുംബൈ: ബോളിവുഡ് നടി നെഹ പെന്‍ഡ്സെയുടെ വസതിയില്‍ നിന്നും ആറ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയതായി പരാതി. നേഹയുടെ ഭര്‍ത്താവിന്‍റെ ഡ്രൈവറാണ് പരാതി നല്‍കിയത്. ബാന്ദ്ര വെസ്റ്റിലെ അരീറ്റോ ബിൽഡിംഗിന്‍റെ 23-ാം നിലയിലുള്ള ഫ്‌ളാറ്റിലാണ് മോഷണം നടന്നതെന്ന് നേഹ പെൻഡ്‌സെയുടെ ഭർത്താവ് ഷാർദുൽ സിംഗ് ബയാസിന്റെ ഡ്രൈവർ രത്‌നേഷ് ഝായുടെ പരാതിയില്‍ പറയുന്നു.

നാല് വർഷം മുമ്പ് വിവാഹ സമ്മാനമായി ലഭിച്ച സ്വർണവളയും വജ്രം പതിച്ച മോതിരവും കാണാനില്ലെന്നാണ് ഡിസംബര്‍ 28ന് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവദിവസം പുറത്തുപോയപ്പോള്‍ ബയാസ് ആഭരണങ്ങള്‍ ധരിച്ചിരുന്നു.വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം ആഭരണങ്ങള്‍ അലമാരയില്‍ സൂക്ഷിക്കാനായി വീട്ടുജോലിക്കാരനായ സുമതി കുമാര്‍ സോളങ്കിയെ ഏല്‍പ്പിച്ചു. ഫ്ലാറ്റിലെ കാര്യങ്ങളെല്ലാം നോക്കുന്ന സോളങ്കി മറ്റു ജോലിക്കാര്‍ക്കൊപ്പം ഫ്ലാറ്റിന്‍റെ പരിസരത്താണ് താമസിക്കുന്നത്. സംഭവദിവസം പുറത്തേക്ക് പോകാനൊരുങ്ങിയ ബയാസ് അലമാരയിൽ നിന്ന് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി.വീട്ടുജോലിക്കാരോട് അന്വേഷിച്ചപ്പോള്‍ അവര്‍ക്കും അറിവുണ്ടായിരുന്നില്ല.ഈ സമയത്ത് സോളങ്കി വീട്ടിലുണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൊളാബയിലുള്ള അമ്മായിയുടെ വീട്ടിലാണെന്നാണ് പറഞ്ഞത്.

ചോദ്യം ചെയ്യലില്‍ താന്‍ ആഭരണങ്ങള്‍ എടുത്തില്ലെന്ന് സോളങ്കി തറപ്പിച്ചുപറഞ്ഞു. ബയാസ് വീണ്ടും തിരച്ചില്‍ നടത്തിയെങ്കിലും ആഭരണങ്ങള്‍ കണ്ടെത്താനായില്ല. സോളങ്കിയോട് ഉടന്‍ വീട്ടിലെത്താന്‍ ബയാസ് ആവശ്യപ്പെട്ടെങ്കിലും തിരിച്ചുവരാന്‍ തയ്യാറായില്ല. ഇതോടെ കൂടുതല്‍ സംശയമായി.തുടര്‍ന്ന് ഝാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സോളങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മോഷ്ടിച്ച ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Related Tags :
Similar Posts