ആരെങ്കിലും അക്രമം കാണിച്ചാല്‍ അവര്‍ക്ക് മികച്ച നടനുള്ള പുരസ്കാരം; ഓസ്കര്‍ വേദിയില്‍ വില്‍ സ്മിത്തിന്‍റെ കരണത്തടിയെ പരാമര്‍ശിച്ച് ജിമ്മി കിമ്മല്‍
|കഴിഞ്ഞ വര്‍ഷത്തെ പുരസ്കാര ചടങ്ങിന്‍റെ ശോഭ കെടുത്തിയ ഒന്നായിരുന്നു അവതാരകനായ ക്രിസ് റോക്കിനെ നടന്‍ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവം
ലോസ് ഏഞ്ചല്‍സ്: 95-ാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങ് ലോസ് ഏഞ്ചല്‍സില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊമേഡിയനായ ജിമ്മി കിമ്മലാണ് ഇത്തവണ അവതാരകനായി എത്തിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ജിമ്മി ഓസ്കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ അവതാരകനാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്കാര ചടങ്ങിന്‍റെ ശോഭ കെടുത്തിയ ഒന്നായിരുന്നു അവതാരകനായ ക്രിസ് റോക്കിനെ നടന്‍ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവം.
തുടര്‍ന്ന് ഓസ്കര്‍ പുരസ്കാര വേദിയില്‍ വച്ചു തന്നെ വില്‍ സ്മിത്ത് പരസ്യമായി മാപ്പു പറയുകയും ചെയ്തു. തൊട്ടടുത്ത ദിവസം ക്രിസ് റോക്കിനോട് വില്‍ സ്മിത്ത് നേരിട്ട് ക്ഷമാപണം നടത്തുകയും ചെയ്തു. തുടര്‍ന്ന് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസില്‍ നിന്നും വില്‍ സ്മിത്ത് രാജി വയ്ക്കുകയും ചെയ്തു. ഓസ്കര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സ്മിത്തിനെ അക്കാദമി വിലക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ വിവാദ സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ജിമ്മി കിമ്മല്‍. തമാശരൂപേണയായിരുന്നു ജിമ്മിയുടെ പരാമര്‍ശം.
''അഞ്ച് ഐറിഷ് അഭിനേതാക്കളാണ് മികച്ച നടന്‍മാരുടെ പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു മികച്ച പോരാട്ടത്തിനുള്ള സാധ്യത കാണുന്നുണ്ട്. ചടങ്ങ് നിങ്ങള്‍ സുരക്ഷിതത്വത്തോടെ ആസ്വദിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രധാനമായി ഞാന്‍ സുരക്ഷിതനായിരിക്കണമെന്നും. അതിനാല്‍ ഞങ്ങള്‍ക്ക് കര്‍ശനമായ നിയമങ്ങളുണ്ട്. പുരസ്കാര ചടങ്ങിനിടെ ഏതെങ്കിലും ഘട്ടത്തിൽ ഈ തിയേറ്ററിലെ ആരെങ്കിലും അക്രമം നടത്തിയാൽ, നിങ്ങൾക്ക് മികച്ച നടനുള്ള ഓസ്കര്‍ സമ്മാനിക്കുകയും 19 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം നടത്താൻ അനുവദിക്കുകയും ചെയ്യും. പ്രതിസന്ധികളെ കൈകാര്യം ചെയ്യാന്‍ അക്കാദമിക്ക് പ്രത്യേകമായ ഒരു ടീമുണ്ട്. പ്രവചനാതീതമായതോ അക്രമാസക്തമായതോ ആയ എന്തെങ്കിലും പ്രദർശനത്തിനിടെ സംഭവിക്കുകയാണെങ്കിൽ, അവിടെ ഇരിക്കുക, ഒന്നും ചെയ്യരുത്. ഒരുപക്ഷേ അക്രമിയെ ആലിംഗനം ചെയ്‌തേക്കാം.നിങ്ങളിൽ ആർക്കെങ്കിലും ഒരു തമാശ കേട്ട് ദേഷ്യം വന്നാൽ, നിങ്ങൾ അത് ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ - അത് എളുപ്പമായിരിക്കില്ല'' ജിമ്മി പറഞ്ഞു.
2017ല്‍ മൂണ്‍ലൈറ്റിന് പകരം ലാ ലാ ലാന്‍ഡ് മികച്ച ചിത്രമായി പ്രഖ്യാപിച്ച ഓസ്കര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങിലെ അവതാരകന്‍ ജിമ്മിയായിരുന്നു. മികച്ച നടിയുടെ പ്രഖ്യാപനം നടന്നതിന് തൊട്ടുപിന്നാലെ നടന്‍ വാരന്‍ ബീറ്റിയെയും നടി ഫെയെ ഡുനവെയും ആയിരുന്നു മികച്ച ചിത്രത്തിന്‍റെ പേര് പ്രഖ്യാപിക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ ഇവര്‍ക്ക് നല്‍കിയ കവര്‍ മികച്ച നടിക്കുള്ളതായിരുന്നു. എമ്മ സ്റ്റോണ്‍, ലാ ലാ ലാന്‍ഡ് എന്ന പേര് എഴുതിയ കവര്‍ ആദ്യം ഇരുവരിലും ആശയക്കുഴപ്പം ഉണ്ടാക്കി. എന്നാല്‍ കവറിലെ ചിത്രത്തിന്‍റെ പേര് കണ്ട് മികച്ച ചിത്രം ലാ ലാ ലാന്‍ഡ് ആണെന്ന് ഇരുവരും പ്രഖ്യാപിക്കുകയായിരുന്നു.'ചരിത്രപരമായ മണ്ടത്തരം' എന്നാണ് ഈ പിഴവ് വിശേഷിപ്പിക്കപ്പെട്ടത്.