Entertainment
ജോണി ഡെപ്പ് സത്യസന്ധന്‍, ആംബറിന്‍റേത് മുതലക്കണ്ണീരെന്ന് ജൂറി
Entertainment

ജോണി ഡെപ്പ് സത്യസന്ധന്‍, ആംബറിന്‍റേത് മുതലക്കണ്ണീരെന്ന് ജൂറി

Web Desk
|
17 Jun 2022 9:27 AM GMT

ഇപ്പോള്‍ വിധിക്ക് ശേഷം തങ്ങളുടെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജൂറിമാരിലൊരാള്‍

ന്യൂയോര്‍ക്ക്: മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതില്‍ കാരണങ്ങളുണ്ടെന്ന് ജൂറി. കേസിന്‍റെ വിചാരണ നടക്കുന്ന സമയത്ത് ഏഴ് അംഗങ്ങളാണ് ജൂറിയിലുണ്ടായിരുന്നത്. ഇപ്പോള്‍ വിധിക്ക് ശേഷം തങ്ങളുടെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജൂറിമാരിലൊരാള്‍.

''അവളുടെ കരച്ചിലുകള്‍,മുഖഭാവങ്ങള്‍ എല്ലാം ജൂറിയെ കേന്ദ്രീകരിച്ചായിരുന്നു. ഞങ്ങളെല്ലാവരും വളരെ അസ്വസ്ഥരായിരുന്നു. ഒരു ചോദ്യത്തിന് ഉത്തരം നല്‍കിക്കഴിഞ്ഞാല്‍ പിന്നെ കരയും. രണ്ട് സെക്കന്‍ഡുകള്‍ക്ക് ശേഷം കൂളാകും. ഞങ്ങളില്‍ ചിലര്‍ 'മുതലക്കണ്ണീര്‍' എന്നാണ് അതിനെ വിശേഷിപ്പിച്ചത്'' ഗുഡ്മോണിംഗ് അമേരിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ ജൂറി പറയുന്നു. എന്നാല്‍ മറുവശത്ത് ഡെപ്പ് കൂടുതല്‍ സത്യസന്ധനും വിശ്വസനീയവുമായി തോന്നിയെന്ന് ജൂറി കൂട്ടിച്ചേര്‍ത്തു. ''ദിവസാവസാനം അദ്ദേഹം പറയുന്നത് കൂടുതൽ വിശ്വസനീയമാണെന്ന് ജൂറിയിൽ പലർക്കും തോന്നി. അദ്ദേഹം ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ കുറച്ചുകൂടി യഥാർഥമായി തോന്നി.അദ്ദേഹത്തിന്‍റെ വൈകാരികാവസ്ഥ വിചാരണയിലുടനീളം വളരെ സ്ഥിരതയുള്ളതായിരുന്നു'' ജൂറി പറഞ്ഞു.

അതേസമയം, സവന്ന ഗുത്രിയുമായുള്ള അഭിമുഖത്തിൽ ജോണി ഡെപ്പ് വീണ്ടും തനിക്കെതിരെ കേസ് കൊടുക്കുമെന്ന് താൻ ഭയപ്പെടുന്നതായി ആംബര്‍ പറഞ്ഞു. കേസില്‍ ജൂറിയുടെ തീരുമാനം ജോണി ഡെപ്പിന്‍റെ അഭിനയ കഴിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആംബര്‍ ആരോപിച്ചിരുന്നു.

2015ലാണ് ആംബറും ജോണി ഡെപ്പും വിവാഹിതരാകുന്നത്. 2017ല്‍ വേര്‍പിരിയുകയും ചെയ്തു. 2018ല്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് ആംബര്‍ വെളിപ്പെടുത്തിയിരുന്നു. ഡെപ്പിന്‍റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും അദ്ദേഹം മാനനഷ്ടത്തിന് കേസ് കൊടുത്തു. കേസില്‍ ജോണി ഡെപ്പിന് അനുകൂലമായിട്ടായിരുന്നു വിധി. ആംബര്‍ ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധിച്ചത്.

Similar Posts