Entertainment
മഹാമാരി കാലത്തെ പല ഹോളിവുഡ് സിനിമകളേക്കാളും മികച്ചത്; ജോജിയെ പുകഴ്ത്തി ദ ന്യൂയോര്‍ക്കറില്‍ ലേഖനം
Entertainment

മഹാമാരി കാലത്തെ പല ഹോളിവുഡ് സിനിമകളേക്കാളും മികച്ചത്; ജോജിയെ പുകഴ്ത്തി ദ ന്യൂയോര്‍ക്കറില്‍ ലേഖനം

Web Desk
|
3 Jun 2021 11:05 AM GMT

പ്രശസ്ത നിരൂപകന്‍ റിച്ചാര്‍ഡ് ബ്രോഡിയാണ് ചിത്രത്തിന്‍റെ റിവ്യു ന്യൂയോര്‍ക്കറില്‍ എഴുതിയിരിക്കുന്നത്

ഈ അടുത്തിടെ മലയാള സിനിമ അതിന്‍റെ പെരുമ വാനോളം ഉയര്‍ത്തുന്ന പല കാഴ്ചകള്‍ക്കും പ്രേക്ഷകര്‍ സാക്ഷികളായിട്ടുണ്ട്. ബോളിവുഡില്‍ നിന്നും മറ്റ് സിനിമ മേഖലകളില്‍ നിന്നും മലയാള സിനിമയെ പുകഴ്ത്തി ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ജോജി എന്ന ഫഹദ് ഫാസില്‍ ചിത്രത്തെ പുകഴ്ത്തി ദി ന്യൂയോര്‍ക്കര്‍ രംഗത്തെത്തിയിരിക്കുന്നു. കോവിഡ് കാലം വളരെ മികച്ച രീതിയില്‍ കഥയിലൂടെ കൊണ്ടുവരാന്‍ ചിത്രത്തിനായി എന്നും ന്യൂയോര്‍ക്കര്‍ പറയുന്നു.

പ്രശസ്ത നിരൂപകന്‍ റിച്ചാര്‍ഡ് ബ്രോഡിയാണ് ചിത്രത്തിന്‍റെ റിവ്യു ന്യൂയോര്‍ക്കറില്‍ എഴുതിയിരിക്കുന്നത്. മഹാമാരി കാലത്ത് നിര്‍മ്മിച്ച പല ഹോളിവുഡ് ചിത്രങ്ങളേക്കാള്‍ വളരെ മികച്ചു നില്‍ക്കുന്നതാണ് മലയാള സിനിമയായ ജോജി എന്ന് അദ്ദേഹം റിവ്യുവിന്‍റെ തുടക്കത്തില്‍ തന്നെ പറയുന്നു. 'സിനിമ നിര്‍മ്മാണം ലോകമൊട്ടാകെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് മഹാമാരി കഥയിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ച പല ഹോളിവുഡ് സിനിമകള്‍ പോലും പരാജയപ്പെട്ടപ്പോള്‍ ജോജി എന്ന ഇന്ത്യന്‍ സിനിമ വളരെ മനോഹരമായി അത് ചെയ്തിരിക്കുന്നു.' റിച്ചാര്‍ഡ് ബ്രോഡ് എഴുതി.

ശ്യാം പുഷ്കരന്‍ തിരക്കഥയെഴുതി ദിലീഷ് പോത്തന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ജോജി ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസായത്. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടാന്‍ ജോജിക്കായി. പത്തനംതിട്ട ജില്ലയിലെ പനച്ചേല്‍ കുടുംബത്തിലെ കുട്ടപ്പന്‍റെയും മക്കളുടെയും കഥ പറയുന്ന ജോജി ഷേക്സ്പിയറിന്‍റെ മാക്ബെത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നിര്‍മ്മിച്ചതാണ്.




Related Tags :
Similar Posts