'കൊച്ചെർക്കാ, ഞാൻ പ്രകോപിതനായാൽ നീ മുള്ളിപ്പോകും'; 'പണി'യെ വിമര്‍ശിച്ച ഗവേഷക വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി ജോജു ജോര്‍ജ്
|എല്ലാ സിനിമകളും കാണുന്നയാളാണ് താനെന്ന് ആദര്‍ശ് പറയുമ്പോള്‍ നിന്നെ എല്ലാ സിനിമയും കാണിക്കുന്നുണ്ടെന്നായിരുന്നു ജോജുവിന്‍റെ മറുപടി
കൊച്ചി: നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത 'പണി' എന്ന സിനിമയിലെ 'ബലാത്സംഗ സീനിനെക്കുറിച്ച്' വിമര്‍ശിച്ചതിന് താരം തന്നെ ഭീഷണിപ്പെടുത്തിയതായി ഗവേഷക വിദ്യാര്‍ഥിയായ ആദര്‍ശ് എച്ച്.എസ്. കഴിഞ്ഞ ദിവസം സിനിമയിലെ റേപ്പ് സീനുകളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ജോജു ആദര്‍ശിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്ന ഓഡിയോ സഹിതം ആദര്‍ശ് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. നടനെതിരെ വ്യാപക വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.
''ജോജു ജോർജ് സംവിധാനം ചെയ്ത 'പണി' എന്ന ചിത്രത്തെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുൻപ് വിളിച്ചു.
നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ്'' ആദര്‍ശ് ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.
എല്ലാ സിനിമകളും കാണുന്നയാളാണ് താനെന്ന് ആദര്‍ശ് പറയുമ്പോള്‍ നിന്നെ എല്ലാ സിനിമയും കാണിക്കുന്നുണ്ടെന്നായിരുന്നു ജോജുവിന്‍റെ മറുപടി. കാശ് കൊടുത്ത് സിനിമ കണ്ടിട്ടുള്ളയാളാണ് താനെന്നും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും ആദര്‍ശ് പറയുന്നുണ്ട്. 'നിനക്ക് ധൈര്യമുണ്ടോടാ...എന്‍റെ മുന്നില്‍ വരാന്‍' എന്ന് ജോജു ആക്രോശിക്കുകയാണ്. തനിക്ക് പേടിയില്ലെന്നും അഡ്രസ് പറഞ്ഞുതരാം വന്ന് കണ്ടോളൂ എന്നും ആദര്‍ശ് ജോജുവിനോട് പറഞ്ഞു. സിനിമയെക്കുറിച്ച് തനിക്ക് പഠിപ്പിച്ചു തരണമെന്നും എവിടെ വരണമെന്നും നടന്‍ ചോദിക്കുന്നുണ്ട്. നാളെ താന്‍ പാലക്കാടേക്ക് പോകുന്നുണ്ടെന്നും അല്ലെങ്കില്‍ വേറൊരു ദിവസം പറഞ്ഞാല്‍ മതി താനിവിടെ തന്നെയൊക്കെ ഉണ്ടാക്കുമെന്നും ആദര്‍ശ് മറുപടി നല്‍കി. പത്തിരുപതു കോടി മുടക്കി നിര്‍മിച്ച പടത്തെക്കുറിച്ച് റിവ്യൂ എഴുതി വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയാണെന്നും ജോജു ആരോപിക്കുന്നു. ജോസഫ് പോലുള്ള നല്ല സിനിമകള്‍ ചെയ്ത ഒരാള്‍ ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ പ്രകോപിതനാകണ്ട കാര്യമെന്താണെന്ന് ആദര്‍ശ് പറയുമ്പോള്‍ 'കൊച്ചെർക്കാ, ഞാൻ പ്രകോപിതനായാൽ നീ മുള്ളിപ്പോകും' എന്നായിരുന്നു ജോജുവിന്‍റെ പ്രതികരണം.
ആദര്‍ശിന്‍റെ കുറിപ്പ്
റേപ്പ് എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയിൽ അത് ചിത്രീകരിക്കുമ്പോൾ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാൽ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിൽ റേപ്പ് സീൻ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ ഒബ്ജെക്ടിഫൈ (objectify) ചെയ്യും വിധവുമാണ്.
എങ്ങനെയാണ് റേപ്പ് ചിത്രീകരിക്കേണ്ടത്? അത് കാണുന്ന പ്രേക്ഷകനിൽ ആ കുറ്റകൃത്യത്തിന്‍റെ തീവ്രത ബോധ്യപ്പെടും വിധമാകണം. കാണുന്ന വ്യക്തിക്ക് എംപതി തോന്നേണ്ടത് ആ റേപ്പ് ചെയ്യപ്പെട്ട വ്യക്തിയോടായിരിക്കണം. പക്ഷേ പണിയിൽ അത് പഴയ കാല ബി ഗ്രേഡ് സിനിമകളെ ഓർമ്മിപ്പിക്കും വിധമാണ് ചെയ്ത് വച്ചിരിക്കുന്നത്. 'ദ റേപ്പിസ്റ്റ്' പോലെയുള്ള ചിത്രങ്ങൾ റഫറന്‍സായി സ്വീകരിച്ചാൽ എങ്ങനെയാണ് റേപ്പ് ചിത്രീകരിക്കേണ്ടത് എന്നതിൽ വ്യക്തത ലഭിക്കുന്നതാണ്.
ഇനി സിനിമയിലേക്ക് വന്നാൽ, പഴയ ഷാജി കൈലാസ് മാസ്സ് പടങ്ങളുടെ മാതൃകയിലെടുക്കണോ അതോ അങ്കമാലി ഡയറീസിൽ ലിജോ സ്വീകരിച്ചത് പോലെയൊരു സമീപനം വേണമോയെന്ന ആശയക്കുഴപ്പം ഉടനീളം പ്രകടമാണ്. ഒടുവിൽ രണ്ടുമല്ലാത്ത ഒരു അവിഞ്ഞ പരുവത്തിലാണ് സിനിമ പുറത്തു വരുന്നത്. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നില്കുന്ന ആർട്ടിഫിഷ്യൽ ആയ കഥപറച്ചിൽ രീതിയാണ് മറ്റൊരു പ്രശ്നം.മേക്കിങ് ക്വാളിറ്റിയിലും ഇതേ പ്രശ്നം കാണാം.
കഥ നടക്കുന്നത് തൃശൂരാണെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടാണ് ആദ്യം മുതൽ. ചിലയിടങ്ങിളിലൊക്കെ മമ്മൂട്ടിയുടെ ബ്ളാക്ക് സിനിമയുടെ മാതൃകകൾ സൃഷ്ടിക്കാനുള്ള ശ്രമവും കാണാം. സിനിമയിലെ ആകെ എന്‍ഗേജിങ് കഥാപാത്രങ്ങൾ സാഗറും ജുനൈസും ചെയ്ത വില്ലൻ വേഷമാണ്. എന്നാൽ രണ്ടാം പകുതിയിൽ വഴിയേ പോകുന്ന സീമ വരെ പിള്ളേരുടെ കൈ ചവിട്ടിയൊടിക്കുന്നത് അത് വരെ ബില്‍ഡ് ചെയ്ത് വന്ന ആ കഥാപാത്രങ്ങളുടെ ആറ്റിറ്റ്യൂട് നശിപ്പിക്കുന്നുണ്ട്.
ജോജു ഉടനീളം ഒരു കാറുമെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും തെക്ക് വടക്ക് പറപ്പിക്കുന്നുണ്ട്. പോക്ക് കണ്ടാൽ ഇപ്പോൾ മലമറിക്കുമെന്ന് തോന്നുമെങ്കിലും വില്ലന്മാർ കൊന്ന് തള്ളുന്നവരെ പെറുക്കി ആശുപത്രിയിൽ കൊണ്ട് പോവുക എന്ന ആംബുലൻസ് ഡ്രൈവറുടെ പണി മാത്രമാണ് അയാൾക്കുള്ളത്. അഭിനയത്തിലും പഴയ സിനിമകളുടെ അതേ മാതൃകയാണ് ജോജു. ആകെയുള്ളൊരു ആശ്വാസം ജോജുവിന്റെ ഒപ്പം നടന്ന് അഭിനയിച്ചു വെറുപ്പിക്കുന്നവരെയൊക്കെ വില്ലന്മാർ കൃത്യമായ ഇടവേളകിൽ കൊന്ന് ശല്യം തീർത്തു തരുന്നു എന്നുള്ളത് മാത്രമാണ്. ഈ സിനിമാ ഓള്‍ കേരള പെന്‍ഷനേഴ്സ് ഗുണ്ടാ അസോസിയേഷന്‍ അംഗങ്ങൾക്ക് ഫ്രീ ടിക്കറ്റ് നൽകി കാണിക്കണം. തങ്ങൾ ചെയ്തിരുന്ന തൊഴിൽ എത്ര ബോറ് ആയിരുന്നു എന്ന് അവർക്ക് ശിഷ്ടകാലം പശ്ചാത്താപം തോന്നി എരിഞ്ഞു ജീവിക്കണം.