സിനിമ റിവ്യു ചെയ്ത് നശിപ്പിക്കുന്നവർക്കെതിരെ ഹൈക്കോടതി ഇടപെടലിൽ പ്രതീക്ഷയുണ്ട്: ജോയ് മാത്യു
|നല്ല സിനിമകളെ റിവ്യൂകള്‍ ബാധിക്കില്ലെങ്കിലും അവ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന് സംവിധായകന് ടിനു പാപ്പച്ചന് പറഞ്ഞു
റിവ്യു എന്ന പേരിൽ നെഗറ്റീവ് പ്രചരിപ്പിച്ച് സിനിമ നശിപ്പിക്കുന്നവർക്കെതിരെ ഹൈക്കോടതി ഇടപെടലിൽ പ്രതീക്ഷയുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ. ഇറങ്ങിയ അന്ന് തന്നെ എന്തിനാണ് റിവ്യൂ പറഞ്ഞ് സിനിമയെ നശിപ്പിക്കുന്നതെന്നും ജോയ് മാത്യു ചോദിച്ചു. ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനുപാപ്പച്ചൻ സംവിധാനം ചെയ്ത ചാവേറിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജോയ് മാത്യു.
''റിവ്യു ചെയ്യുന്നവർക്കെതിരെ ഹൈക്കോടതിയുടെ ഒരു നിരീക്ഷണമുണ്ട് പലരും കണ്ടെട്ടിട്ടുണ്ടാവും. സിനിമ ഇറങ്ങിയ അന്ന് തന്നെ അതിനെ റിവ്യു ചെയ്ത് നശിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് കാണിച്ച് നൽകിയ ഹരജിയിൽ കോടതി അമിക്യസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. ഒരുപാട് പേരുടെ അധ്വാനവും സമയവും ഉപയോഗപ്പെടുത്തി എടുക്കുന്ന സിനിമ പോലുള്ള പ്രോഡക്ട് തിയറ്ററിലെത്തി ആദ്യദിവസം തന്നെ റിവ്യൂവിലൂടെ തകർക്കുന്നത് തടയുന്നതിന് നിയമം കൊണ്ടുവരാനാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഒരു ബുക്ക് ഇറങ്ങിയാൽ മാസങ്ങളെടുത്താണ് അതിന്റെ റിവ്യൂ നടക്കുക. പക്ഷേ സിനിമ ഇറങ്ങിയാൽ അപ്പോൾ തന്നെ പറയുകയാണ്''. ജോയ് മാത്യു പറഞ്ഞു.
സിനിമ ആളുകളിലേക്ക് എത്താനുള്ള സമയം റിവ്യുവേഴ്സ് കൊടുക്കണമെന്ന് സംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞു.
''ഞാനൊരു പടം ചെയ്ത് വെച്ചു. എല്ലാവരും കണ്ട് നല്ലതു മാത്രം പറയണമെന്ന അഭിപ്രായമൊന്നും എനിക്കില്ല. പക്ഷേ ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ സിനിമയെ പറ്റിയുള്ള നെഗറ്റീവ് റിവ്യൂകൾ സിനിമയെ ബാധിക്കും. സിനിമ ആളുകളിലെത്താനുള്ള സമയമെങ്കിലും കൊടുക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വിത്യസ്ത അഭിപ്രായമുള്ളവരായിരിക്കും സിനിമ കാണുന്നത്. ഒരാൾക്ക് ഇ്ഷ്ടപ്പെടാത്ത സിനിമ മറ്റൊരാൾക്ക് ചിലപ്പോ ഇഷ്ടപ്പെട്ടേക്കാം. സാധാരണ ഓഡിയൻസിനടുത്തേക്ക് സിനിമ എത്തുന്നത് തടയുന്നതായിരിക്കും റിവ്യൂകൾ''- ടിനു പാപ്പച്ചൻ പറഞ്ഞു.
ഒരു ഹോട്ടലിലെ ബിരിയാണി മോശമാണെങ്കില്‍ അത് വച്ച് 20 മിനുട്ട് വീഡിയോ ചെയ്യാറുണ്ടോ ഇല്ല, അതേ സമയം പിന്നീട് അവിടെ കയറില്ല. വലിയൊരു ഇന്ട്രസ്ട്രീയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ്. ഇത് എല്ലാവരുടെയും അതിജീവനമാണ്. അത് നമ്മളെല്ലാം മനസിലാക്കണം ഒരേ വഞ്ചിയില്‍ പോകുന്നവരാണ്. ഒരു ഭാഗത്ത് നിന്നും വഞ്ചി ചവുട്ടി താഴ്ത്തരുത്. ഇത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവസ്ഥയല്ലെ - റിവ്യൂകള്‍ സംബന്ധിച്ച ചോദ്യത്തിന് നിര്‍മ്മാതാവ് അരുണ്‍ മറുപടി പറഞ്ഞു.