നോട്ടയേക്കാള്‍ കുറവാണ് കമ്മികൾക്ക് കിട്ടിയതെന്നറിഞ്ഞപ്പോള്‍ ഉള്ളം തണുത്തു: ജോയ് മാത്യു
|'സിനിമാ എഴുത്തുകാരുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ ഞാന്‍ പൊരുതി തോറ്റെങ്കിലും 40 ശതമാനം വോട്ട് നേടിയിരുന്നു'
കർണാടകയിലെ കോൺഗ്രസിന്റെ വിജയം മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് നടന്‍ ജോയ് മാത്യു. അതേസമയം സി.പി.എമ്മിന്‍റെ പ്രകടനത്തെ ജോയ് മാത്യു പരിഹസിച്ചു. നോട്ടയ്ക്ക് കിട്ടിയതിനേക്കാൾ കുറവ് വോട്ടാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് തന്‍റെ ഉള്ളം തണുത്തതെന്ന് ജോയ് മാത്യു ഫേസ് ബുക്കില്‍ കുറിച്ചു.
സിനിമാ എഴുത്തുകാരുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ താന്‍ പൊരുതി തോറ്റെങ്കിലും 40 ശതമാനം വോട്ട് നേടിയിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. അന്ന് തനിക്കെതിരെ കൂക്കിവിളിച്ചവര്‍ക്ക് നോട്ടയ്ക്ക് പിന്നിലാണ് വോട്ട് കിട്ടിയതെന്ന് ജോയ് മാത്യു പരിഹസിച്ചു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റിലും സി.പി.എമ്മിന് നേട്ടമുണ്ടാക്കാനായില്ല. പാർട്ടിക്ക് ശക്തിയുണ്ടായിരുന്ന ബാഗേപള്ളിയിൽ വൻ തിരിച്ചടിയേറ്റു. 2018ൽ 51,697 വോട്ട് നേടി രണ്ടാമതെത്തിയപ്പോള്‍ ഇത്തവണ 19,403 വോട്ട് മാത്രമാണ് നേടിയത്. 1983, 1994, 2004 തെരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലത്തിൽ ചെങ്കൊടി പാറിയിരുന്നു. ഗുൽബർഗ റൂറൽ, കെ.ആർ പുരം, കെ.ജി.എഫ് മണ്ഡലങ്ങളിലും സി.പി.എം സ്ഥാനാർഥികൾ ജനവിധി തേടി. കെ.ആർ പുരയിൽ സി.പി.എം നോട്ടയ്ക്കും പിറകിൽ നാലാം സ്ഥാനത്താണ്. കെ.ജി.എഫിൽ ആകെ 1000 വോട്ടാണ് നേടാനായത്. ഗുൽബർഗയിൽ 821 വോട്ടാണ് ലഭിച്ചത്.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ഞാനൊരു കോൺഗ്രസ്സുകാരനല്ല.
എങ്കിലും കർണാടകയിലെ കോൺഗ്രസിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നു എന്നതാണ്.
വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്യൂണിസ്റ്റുകളുടെ കർണാടക ബലിയാണ്. സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തിൽ പൊരുതി തോറ്റെങ്കിലും 40 ശതമാനം വോട്ട് എനിക്ക് നേടാനായി. അതിന് ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാർട്ടി എന്നെ കൂക്കിവിളിച്ചു. കുരിശേറ്റി.
എന്നാൽ കർണാടകത്തിൽ നോട്ടയ്ക്ക്- അതായത് ആരെയും വേണ്ടാത്തവർക്ക്- കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്. അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ. കോൺഗ്രസ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാർട്ടികളെയാണ്. ഒന്ന് കഷ്ടിച്ചു പിടിച്ചു നിൽക്കുന്നുണ്ട്. മറ്റവൻ അടിപടലം ഇല്ലാതായി. ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?