ആര്‍ആര്‍ആറിന്‍റെ വിജയം മാത്രമല്ല, ഇന്ത്യയെ സംബന്ധിച്ച് ഇതൊരു തുടക്കം; ഓസ്കര്‍ പുരസ്കാര നേട്ടത്തില്‍ ജൂനിയര്‍ എന്‍ടിആര്‍
|എന്‍റെ സന്തോഷം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല
ലോസ്ഏഞ്ചല്‍സ്: തെലുങ്ക് സിനിമയുടെ കീര്‍ത്തി ലോകത്തിന്‍റെ നെറുകയിലെത്തിച്ച് ആര്‍ആര്‍ആര്‍. ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ചിത്രത്തിലെ 'നാട്ടു നാട്ടു'എന്ന ഗാനം ഓസ്കര്‍ നേടുമ്പോള്‍ ഇന്ത്യക്ക് മാത്രമല്ല, ദക്ഷിണേന്ത്യക്കും ഇതൊരു 'സ്വകാര്യ അഭിമാനമായി'മാറിയിരിക്കുകയാണ്. റിഹാനയോടും ലേഡി ഗാഗയോടും മത്സരിച്ചാണ് നാട്ടു നാട്ടു ഈ അഭിമാനര്‍ഹമായ നേട്ടം കരസ്ഥമാക്കിയത്.ഈ വിജയം ആർആർആറിന് മാത്രമല്ല, രാജ്യത്തിനാകെ അവകാശപ്പെട്ടതാണെന്ന് ചിത്രത്തിലെ നായകകഥാപാത്രങ്ങളിലൊരാളായ ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.ഇന്ത്യൻ സിനിമയ്ക്ക് എത്രത്തോളം മുന്നോട്ട് പോകാനും ബാർ ഉയർത്താനും കഴിയുമെന്ന് ഈ വിജയം കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''എന്‍റെ സന്തോഷം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. ഇത് ആർആർആറിന്‍റെ മാത്രമല്ല, ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വിജയമാണ്.ഇതൊരു തുടക്കം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.ഇന്ത്യൻ സിനിമയ്ക്ക് എത്രത്തോളം മുന്നോട്ട് പോകാമെന്ന് ഈ വിജയം കാണിച്ചുതരുന്നു.കീരവാണി ഗാരുവിനും ചന്ദ്രബോസ് ഗാരുവിനും അഭിനന്ദനങ്ങൾ...തീർച്ചയായും, രാജമൗലി എന്ന മാസ്റ്റർ കഥാകാരനും ഞങ്ങളെ എല്ലാ സ്നേഹവും ചൊരിഞ്ഞ പ്രേക്ഷകരും ഇല്ലായിരുന്നുവെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഇന്ത്യയിലേക്ക് വീണ്ടുമൊരു ഓസ്‌കാർ സമ്മാനിച്ച 'എലിഫന്റ് വിസ്‌പറേഴ്‌സ്' ടീമിനെ ഇന്നത്തെ വിജയത്തിൽ അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു.'' ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
ചന്ദ്രബോസിന്‍റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്‍റെയും ജൂനിയര്‍ എന്‍.ടി.ആറിന്‍റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.