'ആ രംഗം മനപൂര്‍വ്വം കൂട്ടിചേര്‍ത്തതല്ല'; 2018ലെ ക്രിസ്ത്യന്‍ ചര്‍ച്ചിന്‍റെ സ്വാധീനം, പ്രതികരണവുമായി ജൂഡ് ആന്‍റണി
|സാറാസ് റിലീസ് ചെയ്തയുടനെ അബോര്‍ഷനെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തുവന്നതായി ജൂഡ്
2018 സിനിമയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിനെ അനാവശ്യ സ്വാധീന ശക്തിയായി ഉപയോഗിച്ചെന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്. 2018ല്‍ പ്രളയക്കാലത്ത് ക്രിസ്ത്യന്‍ പാതിരിമാരില്‍ നിന്നും ചര്‍ച്ചില്‍ നിന്നുമുള്ള ആഹ്വാനം ചെവികൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നാണ് കാണിക്കുന്നുണ്ട്. ഇതിലാണ് ജൂഡ് പ്രതികരിച്ചത്.
ആ രംഗം മനപൂര്‍വ്വം കൂട്ടിചേര്‍ത്തതല്ലെന്നും ഒരു വീഡിയോ ക്ലിപ്പില്‍ അന്നത്തെ കലക്ടര്‍മാരിലൊരാള്‍ പള്ളിയിലെ അച്ഛന്‍ വിളിച്ചത് പ്രകാരമാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതെന്ന് പറയുന്നുണ്ടെന്നും ജൂഡ് പറഞ്ഞു. മത്സ്യത്തൊഴിലാളികളോട് ഇതേ പറ്റി അന്വേഷിച്ചപ്പോള്‍ അവരും ഇക്കാര്യം ശരിവെച്ചു. പള്ളിമണി മുഴക്കുന്നത് കേട്ടാണ് എല്ലാവരും കൂട്ടായ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നതെന്നും പറയുന്നു. ഇത്തരത്തില്‍ ഒരു നീക്കം ഒരു പള്ളിയില്‍ നിന്നോ ക്ഷേത്രത്തില്‍ നിന്നോ ആണ് വരുന്നതെങ്കില്‍ അതും അതേ രീതിയില്‍ സിനിമയില്‍ ചിത്രീകരിക്കുമായിരുന്നുവെന്ന് ജൂഡ് പറഞ്ഞു.
'സാറാസ്' റിലീസ് ചെയ്തയുടനെ അബോര്‍ഷനെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തുവന്നു. അത് ചര്‍ച്ചിന്‍റെ നിലപാടിന് എതിരായുള്ളതാണ്. സിനിമയുടെ റിലീസ് ദിവസം ഇടവക പള്ളിയിലെ കുറച്ചു പേര്‍ വന്ന് ഞാനീ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു. അബോര്‍ഷനെ പിന്തുണച്ചതില്‍ പല പാതിരിമാരും ദേഷ്യത്തിലായിരുന്നു. പക്ഷേ ഞാന്‍ എന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. ഇന്നും ഒരു സ്ത്രീയുടെ തീരുമാനമാണ് അബോര്‍ഷന്‍ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ജൂഡ് പറഞ്ഞു.
തന്‍റെ സിനിമകളിലൂടെ മാനവികതയും മാനുഷിക വശങ്ങളും ചിത്രീകരിക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും മതത്തെക്കുറിച്ച് ഒരിക്കലും വേവലാതിപ്പെട്ടിട്ടില്ലെന്നും ജൂഡ് വ്യക്തമാക്കി. നമ്മള്‍ ചെയ്തതില്‍ 99 ശതമാനം നല്ലാതാണെങ്കില്‍ കൂടിയും ആളുകള്‍ മോശം വശം മാത്രമേ കാണൂ, മോശം പറയുന്നതിനെ പരിഗണിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മലയാളി എന്ന അഭിമാനത്തോടെ ആളുകള്‍ തിയറ്റര്‍ വിട്ടുപോകുന്നത് കാണുന്നതില്‍ തൃപ്തനാണെന്നും ജൂഡ് പറഞ്ഞു.