'ആകാശത്തല്ലാതെ ഭൂമിയിൽ ജനിച്ച ഒരേയൊരു താരം': മമ്മൂട്ടിയെ കുറിച്ച് ജൂഡ്
|'സ്നേഹത്തിനും ചേര്‍ത്തുനിര്‍ത്തലിനും നല്ല വാക്കുകള്‍ക്കും നന്ദി'
കൊച്ചി: നടന്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേയൊരു താരം എന്നാണ് ജൂഡ് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്. സ്നേഹത്തിനും ചേര്‍ത്തുനിര്‍ത്തലിനും നല്ല വാക്കുകള്‍ക്കും നന്ദിയെന്ന് ജൂഡ് ഫേസ് ബുക്കില്‍ കുറിച്ചു.
"ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേയൊരു താരം. പച്ചയായ മനുഷ്യൻ. നന്ദി മമ്മൂക്ക ഈ സ്നേഹത്തിന്, ചേർത്തു നിർത്തലിന്, നല്ല വാക്കുകൾക്ക്"- എന്നാണ് ജൂഡ് ഫേസ് ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ജൂഡിന്‍റെ പോസ്റ്റ്.
ജൂഡ് സംവിധാനം ചെയ്ത 2018 എന്ന സിനിമ ബോക്സ്ഓഫീസില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമാണ് 2018 നേടിയത്. പുലിമുരുകന്‍റെ റെക്കോര്‍ഡ് തകര്‍ത്ത സിനിമ 150 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചു.
മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കാന്‍ താത്പര്യമുണ്ടെന്ന് ജൂഡ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടി അനുവാദം നല്‍കിയിട്ടില്ല. സിനിമയാക്കുമോ ഇല്ലയോ എന്നതിനപ്പുറം മമ്മൂട്ടിയുടെ ജീവിതം വലിയ പ്രചോദനമാണ്. വൈക്കത്ത് ചെമ്പ് പോലൊരു സ്ഥലത്ത് ഒരു സാധാരണക്കാരന്‍ പയ്യന്‍, ഒരു മാസികയില്‍ വന്ന അഭിനേതാക്കളെ ആവശ്യമുണ്ട് എന്ന പരസ്യത്തിന് അന്നത്തെ കാലത്ത് അപേക്ഷിക്കുക. എന്ത് പാഷനേറ്റായിരിക്കും ആ മനുഷ്യന്‍. ആ പയ്യന്‍ പിന്നീട് മലയാള സിനിമയുടെ മെഗാസ്റ്റാറായി മാറിയ കഥ ഉഗ്രന്‍ കഥയാണ്. സിനിമാറ്റിക് സംഭവങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നത്. മമ്മൂട്ടി സമ്മതിച്ചാല്‍ ആ സിനിമ സംഭവിക്കുമെന്നും ജൂഡ് പറഞ്ഞു.