Entertainment
jude anthany joseph mammootty

ജൂഡ് ആന്‍റണി/മമ്മൂട്ടി

Entertainment

മമ്മൂക്കയുടെ ബയോപിക് എടുക്കാൻ അദ്ദേഹം സമ്മതിക്കുന്നില്ല; എന്നെങ്കിലും പച്ചക്കൊടി വീശിയാല്‍ അന്ന് താന്‍ സിനിമ ചെയ്യുമെന്ന് ജൂഡ് ആന്‍റണി

Web Desk
|
11 May 2023 2:53 AM GMT

എപ്പോഴെങ്കിലും മനസ് മാറുകയാണെങ്കിൽ എനിക്ക് തന്നെ തരണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സംവിധായകനാണ് ജൂഡ് ആന്‍റണി. കേരളം അതിജീവിച്ച മഹാപ്രളയത്തിന്‍റെ കഥ പറഞ്ഞ '2018' ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഈയിടെ റിലീസ് ചെയ്ത സിനിമ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ മമ്മൂട്ടിയുടെ ബയോപികിനെ കുറിച്ച് ജൂഡ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബയോപിക് മമ്മൂട്ടി സമ്മതിക്കുന്നില്ലെന്നും എന്നെങ്കിലും പച്ചക്കൊടി വീശിയാല്‍ താനതു ചെയ്യുമെന്നും ജൂഡ് ദ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.



ജൂഡ് ആന്‍റണിയുടെ വാക്കുകള്‍

''മമ്മൂക്കയുടെ ബയോപിക് എടുക്കാൻ അദ്ദേഹം സമ്മതിക്കുന്നില്ല. ബാക്കി എല്ലാവരും ഓക്കെയാണ്. വേണ്ടടാ എന്റെ ജീവിതം സിനിമ ആക്കണ്ട എന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴെങ്കിലും മനസ് മാറുകയാണെങ്കിൽ എനിക്ക് തന്നെ തരണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. മമ്മൂക്ക ആദ്യം സമ്മതിച്ചിരുന്നു. പിന്നെ ആരൊക്കെയോ മമ്മൂക്കയെ പേടിപ്പിച്ചു എന്ന് തോന്നുന്നു. സിനിമയാക്കുമോ ഇല്ലയോ എന്നതിനപ്പുറം മമ്മൂക്കയുടെ ജീവിതം ഭയങ്കര ഇന്‍സ്പയറിങ്ങാണ്. കാരണം, വൈക്കത്ത് ചെമ്പ് പോലൊരു സ്ഥലത്ത് ഒരു സാധാരണക്കാരന്‍ പയ്യന്‍, അവന്‍ ഒരു മാസികയില്‍ വന്ന അഭിനേതാക്കളെ ആവശ്യമുണ്ട് എന്ന പരസ്യത്തിന് ഫോട്ടോ പോസ്റ്റ് ചെയ്യുക എന്നത് അന്നത്തെക്കാലത്ത്. ഒന്ന് ആലോചിച്ചു നോക്കൂ, എന്ത് പാഷനേറ്റായിരിക്കും ആ മനുഷ്യന്‍ എന്ന്. ആ പയ്യന്‍ പിന്നീട് മലയാള സിനിമയുടെ മെഗാസ്റ്റാറായി മാറിയ കഥയെന്ന് പറയുന്നത് ഉഗ്രന്‍ കഥയാണ് മമ്മൂക്ക യഥാർത്ഥത്തിൽ നമ്മൾ കാണുന്ന ആളേയല്ല.

സിനിമാറ്റിക് സംഭവങ്ങളാണ് അ​ദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നത്. പഞ്ച പാവവും പച്ച മനുഷ്യനും ഉ​ഗ്രൻ ക്രിയേറ്റീവ് മനുഷ്യനുമാണ് മമ്മൂക്ക. നിവിനെ വച്ചാണ് ആദ്യം ഞാൻ പ്ലാൻ ചെയ്തത്. നിവിനായത് കൊണ്ടാണോ വേണ്ടെന്ന് പറഞ്ഞത് ദുൽഖർ ആയാലും ഞാൻ റെഡി എന്ന് പറഞ്ഞിരുന്നു. വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ എന്നെങ്കിലും മമ്മൂക്ക സമ്മതിക്കും എന്നാണ് പ്രതീക്ഷ. മമ്മൂക്ക എന്നെങ്കിലും പച്ചക്കൊടി വീശും. അന്ന് ഞാൻ ആ സിനിമ ചെയ്യും.''



Similar Posts