'ഞാന്‍ പറഞ്ഞത് സത്യമാണോയെന്ന് അറിയാത്ത കാര്യം': പെപ്പെയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് ജൂഡ് ആന്തണി ജോസഫ്
|'വായിലെ നാക്കു കൊണ്ട് ഞാന്‍ ഒരുപാടു ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. പാവം പെപ്പെയെ പറഞ്ഞിട്ട് അതിന്‍റെ ഒരു കുറ്റബോധത്തിലാണ് ഞാനിരിക്കുന്നത്'
കൊച്ചി: നടൻ ആന്‍റണി വർഗീസ് പെപ്പെക്കെതിരെയുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. പറഞ്ഞതിൽ കുറ്റബോധമുണ്ട്. സത്യമാണോ എന്നു പോലും അറിയാത്ത കാര്യമാണ് ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും ജൂഡ് ആന്തണി പറഞ്ഞു. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
"വായിലെ നാക്കു കൊണ്ട് ഞാന്‍ ഒരുപാടു ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. പാവം പെപ്പെയെ പറഞ്ഞിട്ട് അതിന്‍റെ ഒരു കുറ്റബോധത്തിലാണ് ഞാനിരിക്കുന്നത്. പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയ്ക്ക് അഡ്വാന്‍സ് വാങ്ങിച്ച കാശുകൊണ്ടാണെന്ന് ഞാന്‍ പറഞ്ഞു. സത്യമാണോയെന്ന് പോലും എനിക്കറിയാത്ത കാര്യമായിരുന്നു. അവന്‍റെ പെങ്ങളുടെ കല്യാണം കഴിഞ്ഞു ആ സമയത്ത്. അപ്പോ ഞാന്‍ വിചാരിച്ചു ആ കാശു കൊണ്ടാണ് കല്യാണം നടത്തിയതെന്ന്. എന്നിട്ട് ആ കാശ് പിന്നെ നിര്‍മാതാവിന് തിരിച്ചുകൊടുത്തതാണെന്ന്. പറഞ്ഞ ടോണും മാറിപ്പോയി. പറഞ്ഞ കാര്യവും വേണ്ടായിരുന്നു. അവന്‍റെ പെങ്ങള്‍ക്കും കുടുംബത്തിനും ഒരുപാട് വിഷമമായിട്ടുണ്ടാവും. ഞാൻ അവരോട് മാപ്പ് പറയുകയാണ്. അതുപറയാൻ അവരെ വിളിച്ചിരുന്നു. കിട്ടിയില്ല. എങ്ങനെ എടുക്കാനാണ്? ഇത്രയും പറഞ്ഞിട്ട്.. ഞാൻ ആ നിർമാതാവിന്റെ കാര്യമേ അപ്പോൾ ഓര്‍ത്തുള്ളൂ. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതോർത്തപ്പോൾ അത്രയെങ്കിലും പറയേണ്ടേ എന്നോര്‍ത്ത് പറഞ്ഞതാണ്. ഉള്ളിലില്ലാത്ത ദേഷ്യം വെറുതെ ആവശ്യമില്ലാതെ പുറത്തുവന്നു. അത് ഭയങ്കര ചീപ്പ് ആയിപ്പോയി"- ജൂഡ് ആന്തണി പറഞ്ഞു.
2018 എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് ജൂഡ് പെപ്പെയ്ക്ക് എതിരെ രംഗത്തുവന്നത്. സിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ പെപ്പെ തന്‍റെ കയ്യിൽ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയെന്നും ശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നുമാണ് ജൂഡ് പറഞ്ഞത്. പെപ്പെക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ജൂഡ് ഉന്നയിച്ചത്- "വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പെപ്പെ എന്നൊരുത്തൻ ഉണ്ട്, ആന്‍റണി വർഗീസ്. അയാൾ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും".
പിന്നാലെ ആന്‍റണി പെപ്പെ മറുപടി നല്‍കി. പൈസ തിരിച്ചു നൽകി ഒരു വർഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണമെന്നും പ്രശ്നങ്ങള്‍ വേണ്ടെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും പെപ്പെ പറഞ്ഞു. ജൂഡ് നടത്തിയ പ്രസ്താവനയ്ക്ക് എതിരെ ആന്‍റണിയുടെ അമ്മ കോടതിയെ സമീപിച്ചു.
"ജൂഡ് ഒരു നല്ല സിനിമ ചെയ്ത്, വലിയ വിജയത്തിന്‍റെ ഭാഗമായി നിൽക്കുകയാണ്. എന്നാൽ തന്‍റെ വിജയം ദുരുപയോഗം ചെയ്ത് എന്നെ വ്യക്തിഹത്യ ചെയ്യുകയും എന്‍റെ അമ്മയ്‌ക്കോ പെങ്ങൾക്കോ പുറത്തിറങ്ങി നടക്കുവാൻ പോലും പറ്റാത്ത അവസ്ഥയിലേക്കും ഇപ്പോൾ എത്തിച്ചിരിക്കുകയാണ്. അക്കാര്യത്തിൽ എനിക്ക് അയാളോട് സഹതാപം തോന്നുന്നു. 2019 ജൂലായ് 7ന് അഡ്വാൻസ് വാങ്ങിയ തുക 27 ജനുവരി 2020ൽ തിരികെ കൊടുത്തതാണ്. 18 ജനുവരി 2021ൽ ആയിരുന്നു എന്‍റെ സഹോദരി അഞ്ജലിയുടെ വിവാഹം. ജൂഡ് പറഞ്ഞത് പ്രകാരമാണെങ്കിൽ ഞാൻ ടൈംട്രാവൽ നടത്തിയിട്ടായിരിക്കുമല്ലോ എന്‍റെ പെങ്ങളുടെ കല്യാണം നടത്തിയത്!! അതിനുള്ള പണം എന്‍റെ വീട്ടുകാർ കൂടി ചേർന്ന് സമ്പാദിച്ചതാണ്. എനിക്ക് ജൂഡേട്ടനോട് ഒരു ദേഷ്യവുമില്ല, അയാൾ ചെയ്ത സിനിമ ഞാൻ ഫാമിലിയായി കണ്ടു, മലയാളികൾക്ക് അഭിമാനിക്കാവുന്ന സിനിമ തന്നെയാണ് 2018. സംഘടനകൾ വഴി 3 വർഷങ്ങൾക്ക് മുൻപ് ചർച്ച ചെയ്ത് പരിഹരിച്ച ഒരു വിഷയമാണ് ഒരു വലിയ വിജയ ചിത്രം ലഭിച്ചപ്പോൾ ജൂഡ് അത് മാനേജ് ചെയ്യുവാൻ കഴിയാതെ, മറ്റൊരാളുടെ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ അതുപയോഗിച്ചത്"- ആന്‍റണി പെപ്പെ പറഞ്ഞു.