ഫിലോസഫി പുഴുങ്ങിത്തിന്നാൻ കൊള്ളാം, വിൽ സ്മിത് നിങ്ങളാണ് താരം: ജൂഡ് ആന്റണി ജോസഫ്
|അമ്മ, പെങ്ങൾ, ഭാര്യ, മകൾ എന്നിവരെ അപമാനിച്ചാൽ അപ്പോൾ തന്നെ അടി കൊടുക്കണമെന്നും ഭാര്യയുടെ യഥാർത്ഥ താരമാണ് വിൽ സ്മിത്തെന്നും ജുഡ് പറഞ്ഞു
94-മത് ഓസ്‌കാർ വേദി നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഭാര്യയെ കുറിച്ചുള്ള പരാമർശത്തിന് നടൻ വിൽ സ്മിത് അവതാരകനായ ക്രിസിനെ സ്റ്റേജിൽ കയറി മുഖത്തടിച്ചതായിരുന്നു അത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ നിരവധിപേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് സംവിധായകനും നടനുമായി ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
വിൽ സ്മിത്തിന്റെയും ഭാര്യ ജാദ പിങ്കെറ്റിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ജൂഡിന്റെ പോസ്റ്റ്. അമ്മ, പെങ്ങൾ, ഭാര്യ, മകൾ എന്നിവരെ അപമാനിച്ചാൽ അപ്പോൾ തന്നെ അടി കൊടുക്കണമെന്നും ഭാര്യയുടെ യഥാർത്ഥ താരമാണ് വിൽ സ്മിത്തെന്നും ജുഡ് കുറിക്കുന്നു.
'Real star with his wife . അമ്മയെ , പെങ്ങളെ , ഭാര്യയെ ,മകളെ അപമാനിച്ചവനെ ആദ്യം സ്‌പോട്ടിൽ കൊടുക്കുക, നിങ്ങളുടെ മുൻപിൽ വച്ചാണെകിൽ കൊടുത്തില്ലേൽ നിങ്ങൾ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാൻ കൊള്ളാം', എന്നായിരുന്നു ജുഡ് ഫേസ്ബുക്കിൽ കുറിച്ചത്.
ഭാര്യയെക്കുറിച്ചുള്ള അവതാരകന്റെ പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒടുവിൽ മികച്ച നടനുള്ള അവാർഡ് സ്വീകരിച്ചു കൊണ്ട് സംഭവത്തിൽ സ്മിത് മാപ്പു പറയുകയും ചെയ്തു. ഭാര്യയുടെ ആരോഗ്യസ്ഥിതിയെ കളിയാക്കിയത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും സ്നേഹത്തിന്റെയും ദയയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. ക്രിസിനോട് പരസ്യമായി മാപ്പ് പറയുന്നുവെന്നും വില്‍ സ്മിത്ത് പിന്നീട് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
കുറിപ്പിന്‍റെ പൂര്‍ണരൂപം
അക്രമം അതിന്‍റെ എല്ലാ രൂപത്തിലും വിഷവും വിനാശകരവുമാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാർഡ് വേദിയിലെ എന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാകാത്തവുമായിരുന്നു. തമാശകൾ ജോലിയുടെ ഭാഗമാണ്. പക്ഷേ ജാഡയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ വൈകാരികമായി പ്രതികരിച്ചു.
ക്രിസ്, നിങ്ങളോട് പരസ്യമായി മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് തെറ്റുപറ്റി. ഞാൻ ലജ്ജിക്കുന്നു. എന്റെ പ്രവൃത്തികൾ ഞാൻ ആകാൻ ആഗ്രഹിക്കുന്ന മനുഷ്യനെ സൂചിപ്പിക്കുന്നില്ല. സ്നേഹത്തിന്റെയും ദയയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. അക്കാദമിയോടും ഷോയുടെ നിർമാതാക്കളോടും പങ്കെടുത്തവരോടും ലോകമെമ്പാടുമുള്ള എല്ലാവരോടും ക്ഷമാപണം നടത്തുന്നു. വില്യംസ് കുടുംബത്തോടും എന്‍റെ കിങ് റിച്ചാര്‍ഡിന്‍റെ കുടുംബത്തോടും മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്കെല്ലാവർക്കും മനോഹരമായ ആ യാത്ര, എന്‍റെ പെരുമാറ്റം കാരണം അസ്വസ്ഥമായതില്‍ ഞാൻ ഖേദിക്കുന്നു.
ആത്മാർത്ഥതയോടെ, വില്‍
കിങ് റിച്ചാര്‍ഡിലെ അഭിനയത്തിനാണ് വില്‍ സ്മിത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. അഞ്ച് പേരാണ് ഇക്കുറി മികച്ച നടനുള്ള ഓസ്‍കർ സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രമാണ് കിങ് റിച്ചാര്‍ഡ്. ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്. രണ്ട് കായിക താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രയത്‌നിക്കുന്ന പിതാവിന്റെ കഥയാണ് കിങ് റിച്ചാര്‍ഡ് പറയുന്നത്. മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം നേടിയ അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്.