''ഈ കൊടുങ്കാറ്റിനിടയിലും യേശുവാണ് എനിക്ക് സമാധാനം തരുന്നത്'; വേദനയ്ക്കിടയില്‍ ജസ്റ്റിൻ ബീബർ
|കഴിഞ്ഞയാഴ്ചയാണ് ജസ്റ്റിന്‍ ബീബർ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. മുഖത്ത് പക്ഷാഘാതത്തിനിടയാക്കുന്ന റാംസെ ഹണ്ട് സിൻഡ്രോം എന്ന അപൂർവ രോഗമാണ് 28കാരനെ ബാധിച്ചിരിക്കുന്നത്
ഒട്ടാവ: മുഖത്തെ പക്ഷാഘാതം സംഭവിച്ചതായുള്ള വെളിപ്പെടുത്തലിനു പിന്നാലെ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ പ്രതികരണവുമായി കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ. യേശു തന്റെ കൂടെയുണ്ട്, ആ വിശ്വാസമാണ് ഈ പ്രതിസന്ധി നേരിടാൻ തന്നെ പ്രാപ്തനാക്കിയതെന്ന് ബീബർ പറഞ്ഞു.
''ഈ കൊടുങ്കാറ്റും കടന്നുപോകുമെന്ന് എനിക്ക് അറിയാം. എന്നാൽ, ഇതിനിടയിലും യേശു എന്റെ കൂടെയുണ്ട്. ഓരോ ദിവസവും മെച്ചപ്പെട്ടുവരികയാണ്. ഈ അസ്വസ്ഥകൾക്കിടയിലും എന്നെ രൂപകൽപന ചെയ്യുകയും അറിയുകയും ചെയ്യുന്നവനിൽ ആശ്വാസം കണ്ടെത്തുകയാണ് ഞാൻ.'' ജസ്റ്റിൻ ബീബറെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
അവന് എന്നെക്കുറിച്ച് എല്ലാം അറിയാം. ഒരാളും അറിയാൻ ആഗ്രഹിക്കാത്ത എന്റെ മോശം വശങ്ങളെല്ലാം അറിയുന്നവനാണവൻ. സ്‌നേഹത്തിന്റെ കരവലയത്തിലേക്ക് അവൻ എന്നെ നിരന്തരം ക്ഷണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഞാനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഭീകരമായ കൊടുങ്കാറ്റിലും എനിക്ക് സമാധാനം തരുന്നത് ആ ദർശനമാണെന്നും ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള ഗായകൻ വെളിപ്പെടുത്തി.
കഴിഞ്ഞയാഴ്ചയാണ് ബീബർ തന്നെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. മുഖത്ത് പക്ഷാഘാതത്തിനിടയാക്കുന്ന റാംസെ ഹണ്ട് സിൻഡ്രോം എന്ന അപൂർവ രോഗമാണ് 28കാരനെ ബാധിച്ചിരിക്കുന്നത്. രോഗംമൂലം ബീബറിന്റെ മുഖത്തിന്റെ വലതുഭാഗം മരവിച്ച അവസ്ഥയിലാണ്.
'പ്രധാനപ്പെട്ടൊരു കാര്യം... ദയവായി കാണുക. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ നിലനിർത്തുക' എന്ന അടിക്കുറിപ്പോടെയാണ് ജസ്റ്റിൻ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഭാഗികമായി പക്ഷാഘാതം ബാധിച്ചതുമൂലം മുഖത്തിന്റെ വലതു ഭാഗത്തെ പാതി കഷ്ടിച്ച് ചലിപ്പിക്കുന്നത് എങ്ങനെയെന്നും ബീബർ വിഡിയോയിൽ കാണിച്ചിരുന്നു.
''എനിക്ക് കണ്ണു ചിമ്മാനോ, ചിരിക്കാനോ സാധിക്കുന്നില്ല. മൂക്ക് ചലിപ്പിക്കാൻ സാധിപ്പിക്കുന്നില്ല. എന്റെ മുഖത്തിന്റെ മറുഭാഗത്ത് പൂർണ തളർച്ചയുണ്ട്. നിങ്ങൾക്ക് കാണാനാകുന്നതുപോലെ ഇത് വളരെ ഗുരുതരമാണ്. വിശ്രമിക്കണമെന്ന് വ്യക്തമായി ശരീരം എന്നോട് പറയുന്നു. നിങ്ങൾ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ സമയം നൂറു ശതമാനം ഞാൻ വിശ്രമിക്കാനും സമാധാനമായി ഇരിക്കാനും ഉപയോഗിക്കും.'' ഗായകൻ പറയുന്നു.
Summary: Justin Bieber says Jesus has given him peace amid facial paralysis struggle