35-ാം വർഷത്തിലും തുടരുന്ന യാത്ര; 'സേതുരാമയ്യരെ' കുറിച്ച് കെ.മധു
|സിബിഐ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം സിബിഐ 5 ദ് ബ്രെയിൻ ചിത്രീകരണം പുരോഗമിക്കുകയാണ്
മമ്മൂട്ടി- കെ മധു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിബിഐ ചിത്രങ്ങളെല്ലാം പ്രേക്ഷകർ സ്വീകരിച്ചിരുന്നു. സിബിഐ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം സിബിഐ 5 ദ് ബ്രെയിൻ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കോവിഡ് രൂക്ഷമായതോടെ ചിത്രീകരണം വൈകുകയായിരുന്നു. ഇപ്പോഴിതാ സിബിഐ സിരീസും സേതുരാമയ്യർ എന്ന കഥാപാത്രവുമായി 35-ാം വർഷത്തിലും തുടരുന്ന യാത്രയെക്കുറിച്ച് പറയുകയാണ് സംവിധായകൻ കെ മധു. സേതുരാമയ്യരുടെ ഗെറ്റപ്പിലുള്ള മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സംവിധായകന്റെ കുറിപ്പ്.
'ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ട്രെൻഡ് ആയ മമ്മൂട്ടിക്കും സേതുരാമയ്യർ സിബിഐ എന്ന കഥാപാത്രത്തിനും ഞങ്ങളുടെ രചയിതാവ് എസ് എൻ സ്വാമിക്കുമൊപ്പം നടത്തിയ ആ യാത്രയെ ഞാൻ അഭിമാനപൂർവ്വം ഓർക്കുന്നു. സിബിഐ സിരീസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിൻ നിങ്ങളിലേക്ക് എത്തിക്കുമ്പോൾ, ഈ മാസം ഞങ്ങളുടെ ആ യാത്ര 35-ാം വർഷത്തിലും തുടരുന്നു', കെ മധു സോഷ്യൽ മീഡിയയിൽ കുറിച്ചു.
മുകേഷ്, സായ്കുമാർ, മുകേഷ്, രൺജി പണിക്കർ, ആശ ശരത്ത്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്‌സാണ്ടർ, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, അന്ന രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് പുതിയ സിബിഐ ചിത്രത്തിൽ അണിനിരക്കുന്നത്.
അതേസമയം മമ്മൂട്ടിയുടേതായി റത്തീന സംവിധാനം ചെയ്യുന്ന പുഴുവും ലിജോ ജോസ് പെല്ലിശേരി ചിത്രം നൻപകൽ നേരത്ത് മയക്കവും റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങളാണ്. സോണി ലിവ് ഒടിടി എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പുഴു പ്രേക്ഷകരിലേക്കെത്തുന്നത്. നൻപകൽ നേരത്ത് മയക്കത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോക ഉറക്ക ദിനത്തിലാണ് ലിജോ ടീസർ പുറത്തുവിട്ടത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിൻറേതുൾപ്പെടെയുള്ള പകലുറക്കമാണ് ടീസറിൽ. മമ്മൂട്ടി കമ്പനി എന്ന പേരിൽ മമ്മൂട്ടി ആരംഭിച്ച പുതിയ നിർമ്മാണ കമ്പനിയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.