'തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണെന്ന് കഴിഞ്ഞ ആഴ്ച പോലും പറഞ്ഞു'; അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ച് കെ.ടി കുഞ്ഞുമോന്‍
|ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതമാണ് അറ്റ്ലസ് രാമചന്ദ്രനെ മരണത്തിലേക്ക് നയിച്ചത്
അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ച് സിനിമാ നിര്‍മാതാവ് കെ.ടി കുഞ്ഞുമോന്‍. കഴിഞ്ഞ ആഴ്ച ദുബൈ സന്ദർശന വേളയിൽ അദ്ദേഹവുമായി സംസാരിച്ചിരുന്നതായും ശക്തമായ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണെന്ന് പറഞ്ഞിരുന്നതായും കുഞ്ഞുമോന്‍ പറഞ്ഞു. വഞ്ചനയിലും ചതി കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങൾ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നുവെന്നും കുഞ്ഞുമോന്‍ കൂട്ടിച്ചേര്‍ത്തു.
കെ.ടി കുഞ്ഞുമോന്‍റെ വാക്കുകള്‍:
അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു എന്ന വാർത്ത എന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്ക വയ്യാ. ഉറ്റ മിത്രത്തിൻ്റെ പെട്ടന്നുള്ള ഈ വേർപാട് എന്നെ അതീവ ദുഃഖിതനാക്കുന്നൂ. കഴിഞ്ഞ ആഴ്ച ദുബൈ സന്ദർശന വേളയിൽ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശക്തമായ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് താൻ എന്ന് പറഞ്ഞു. വഞ്ചനയിലും ചതി കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങൾ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ എൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷെ ഒറ്റ രാത്രിയിൽ എല്ലാം അവസാനിച്ചു. പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ് അവസാനം സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം തൻ്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായി. ആ നല്ല ആത്മാവിൻ്റെ നിത്യ ശാന്തിക്കായി ദൈവത്തോട് പ്രാർഥിക്കുന്നു
ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതമാണ് അറ്റ്ലസ് രാമചന്ദ്രനെ മരണത്തിലേക്ക് നയിച്ചത്. മൃതദേഹ പരിശോധനയില്‍ കോവിഡും സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. തിങ്കളാഴ്ച വൈകുന്നേരം നാലിന് ദുബൈ ജബല്‍ അലി ശ്മശാനത്തില്‍ ആയിരിക്കും മൃതദേഹം അടക്കം ചെയ്യുക. വയറിലെ മുഴയുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് അറ്റ്ലസ് രാമചന്ദ്രനെ മൂന്ന് ദിവസം മുൻപ് ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം.