'കടുവ സീക്വലും പ്രീക്വലും വരും, ഇറങ്ങുന്നത് മാസ് സിനിമ': തിരക്കഥാകൃത്ത് ജിനു എബ്രഹാം
|കുറുവച്ചന്‍റെ ജ്യേഷ്ഠൻ കടുവാക്കുന്നേൽ മാത്തൻ എന്ന കഥാപാത്രമായി മോഹൻലാൽ കാമിയോ റോളിൽ വരുന്നതായ വാര്‍ത്തയിലും ജിനു പ്രതികരിച്ചു
കടുവ സിനിമക്ക് സീക്വലും പ്രീക്വലും ആലോചനയിലുണ്ടെന്ന് തിരക്കഥാകൃത്ത് ജിനു വി.ഏബ്രഹാം. കടുവയുടെ അപ്പൻ കടുവയായ കടുവാക്കുന്നേൽ കോരുത് മാപ്പിളയായി മെഗാസ്റ്റാറുകളിൽ ആരെങ്കിലും ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹവും ജിനു പങ്കുവെച്ചു. ആ കാരക്ടര്‍ ചെയ്യാന്‍ കഥ ആദ്യം സെറ്റാവണമെന്നും അവരോട് അത് പറയണമെന്നും ഇഷ്ടപ്പെടണമെന്നും ഇനിയും ഒട്ടേറെ കടമ്പകളുണ്ടെന്നും ജിനു പറഞ്ഞു. കുറുവച്ചന്‍റെ ജ്യേഷ്ഠൻ കടുവാക്കുന്നേൽ മാത്തൻ എന്ന കഥാപാത്രമായി മോഹൻലാൽ കാമിയോ റോളിൽ വരുന്നതായ വാര്‍ത്തയും ജിനു നിഷേധിച്ചു. അത് വെറും സാങ്കല്പിക സൃഷ്ടിയാണെന്നും മോഹൻലാലിന്‍റെ സാന്നിധ്യം ഈ സിനിമയിൽ ഉണ്ടാകണമെന്ന ആഗ്രഹമുണ്ടെങ്കിലും ഈ സിനിമയിൽ അദ്ദേഹം ഇല്ലെന്നും ജിനു വ്യക്തമാക്കി.
'കടുവയില്‍ കടുവാക്കുന്നേൽ കോരുത് മാപ്പിള എന്ന എന്ന കഥാപാത്രത്തെക്കുറിച്ചു ചില പരാമർശങ്ങളുണ്ട്. അയാൾ ചെയ്തിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ചുള്ള പറച്ചിലുകളുണ്ട്. അതിൽ നിന്നു മനസിലാക്കാം എത്രമാത്രം ശക്തമായ കഥാപാത്രമാണ് അതെന്ന്. കടുവയ്ക്ക് ഒരു സീക്വലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. കടുവയുടെ അവസാന സീൻ കാണുമ്പോള്‍ ഇതിനൊരു സീക്വൽ വളരെയധികം ഡിമാൻഡ് ചെയ്യുന്നതായി മനസിലാവും. അത്തരത്തിലുള്ള പ്ലാനിംഗും മനസിലുണ്ട്', ജിനു പറഞ്ഞു.
അതെ സമയം ചില അപ്രതീക്ഷിത കാരണങ്ങളാല്‍ കടുവയുടെ റിലീസ് വൈകുമെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ചിത്രം ജൂൺ 30 ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജൂലൈ ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. വലിയ സ്വപ്നങ്ങൾ, വലിയ തടസ്സങ്ങൾ, ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണെന്ന് പറഞ്ഞുകൊണ്ടാണ് പൃഥി റിലീസ് തിയതി മാറ്റിയതു സംബന്ധിച്ച തന്‍റെ കുറിപ്പ് തുടങ്ങുന്നത്.
'കടുവ' അഞ്ച് ഭാഷകളിൽ പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സിംഹാസനം എന്ന ചിത്രത്തിന് ശേഷമാണ് പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്നത്. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും കടുവ. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. 'കടുവക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം. ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.