Entertainment
ഇന്ത്യന്‍ സിനിമയുടെ കമലിസം; ഉലകനായകന്‍റെ അഭിനയജീവിതത്തിന് 62 വയസ്
Entertainment

ഇന്ത്യന്‍ സിനിമയുടെ 'കമലിസം'; ഉലകനായകന്‍റെ അഭിനയജീവിതത്തിന് 62 വയസ്

Web Desk
|
11 Aug 2021 2:43 PM GMT

'ഉലക നായകന്‍' എന്ന് സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്ന അതുല്യ പ്രതിഭ കാലത്തെയും തോല്‍പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്തെ തന്നെ അതിശയിപ്പിച്ച് മുന്നേറുകയാണ്.

ഇന്ത്യന്‍ സിനിമയുടെ നടനവിസ്മയം കമല്‍ഹാസന്‍ തിരശീലയ്ക്ക് മുന്നിലെത്തിയിട്ട് 62 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. 'ഉലക നായകന്‍' എന്ന് സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്ന അതുല്യ പ്രതിഭ കാലത്തെയും തോല്‍പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്തെ തന്നെ അതിശയിപ്പിച്ച് മുന്നേറുകയാണ്.

പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന പകര്‍ന്നാട്ടങ്ങളുമായി ഇന്ത്യന്‍ സിനിമയുടെ തലയെടുപ്പായി നില്‍ക്കുന്ന പ്രിയ താരത്തിന് വിവിധ കോണുകളില്‍ നിന്ന് ആശംസകളെത്തുന്നുണ്ട്. ട്വിറ്ററില്‍ താരത്തിന് ആശംസകള്‍‌ അറിയിച്ചുകൊണ്ടുള്ള ഹാഷ് ടാഗും ട്രെന്‍ഡിങിലെത്തിയിട്ടുണ്ട്.

എല്ലാ സിനിമയിലും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന പിടിവാശിയോടെ സിനിമയെ സമീപിക്കുന്ന നടനെന്നാണ് കമലിനെ സിനിമാലോകം വിശേഷിപ്പിക്കുന്നത്. സിനിമയിലെ എല്ലാ മേഖലകളിലും കൈവെക്കാന്‍ എപ്പോഴും കമല്‍ഹാസന്‍ സന്നദ്ധനായിരുന്നു.

1960-ൽ ജമിനി ഗണേശനും സാവിത്രിക്കുമൊപ്പമാണ് എ.വി.എമ്മിന്‍റെ 'കളത്തൂർ കണ്ണമ്മ' എന്ന ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ തിരശീലക്ക് മുന്നിലെത്തുന്നത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും കമല്‍ നേടി. തുടർന്ന് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ 'കണ്ണും കരളും' എന്ന മലയാളം ചിത്രം ഉൾപ്പെടെ അഞ്ചു സിനിമകളിൽ കമൽ ബാലതാരമായി വേഷമിട്ടു.




കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങളാണ് കമല്‍ നായകനായി അഭിനയിച്ച ആദ്യ ചിത്രം. കഥാപാത്രത്തിന്‍റെ പൂര്‍ണതക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ കമല്‍ തയ്യാറായിരുന്നു. 'അവര്‍കള്‍' എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം വിഡംബനം അഭ്യസിച്ചു. അപൂര്‍വ്വ രാഗങ്ങള്‍ക്ക് വേണ്ടി മൃദംഗം പഠിച്ചു. സികപ്പ് റോജാക്കളില്‍ മാനസിക വൈകല്യമുള്ള കൊലയാളിയുടെ വേഷമായിരുന്നു കമലിന്. സാഗരസംഗമത്തില്‍ നര്‍ത്തകനായി. അപൂര്‍വ്വ സഹോദരങ്ങളില്‍ കള്ളനും കോമാളിയുമായി. അവ്വൈ ഷണ്മുഖിയില്‍ സ്ത്രീയായി.



ലോക സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരാള്‍ ഒരു സിനിമയില്‍ പത്ത് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ദശാവതാരത്തിലൂടെയായായിരുന്നു. അങ്ങനെയും കമല്‍ പ്രേക്ഷകരെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. പിന്നീട് മക്കള്‍ നീതി മയ്യത്തിലൂടെ തമിഴകത്തിന്‍റെ രാഷ്ട്രീയ വാഴ്ചകള്‍ക്ക് ബദല്‍ മുന്നോട്ടുവെക്കാനുള്ള ശ്രമവും... കമല്‍ ഒരു അത്ഭുതമാകുന്നത് ഇങ്ങനെയെല്ലാമായിരുന്നു.




നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് കമല്‍ അർഹനായിട്ടുണ്ട്. മികച്ച വിദേശഭാഷാചിത്രങ്ങൾക്കായുള്ള അവാർഡിനുവേണ്ടി സമർപ്പിച്ചിരുന്ന സിനിമകളില്‍ കമലഹാസൻ അഭിനയിച്ച ചിത്രങ്ങളായിരുന്നു ഏറ്റവും കൂടുതലായി ഉണ്ടായിരുന്നത്. ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തി 1990-ൽ രാജ്യം കമല്‍ഹാസനെ പത്മശ്രീ നൽകി ആദരിച്ചു.

Similar Posts