Entertainment
കമല്‍ഹാസന്‍ ആറ് സിനിമാ കഥകള്‍ പറഞ്ഞു; ഉലകനായകനെ കണ്ട അനുഭവം പങ്കുവെച്ച് അല്‍ഫോണ്‍സ് പുത്രന്‍
Entertainment

'കമല്‍ഹാസന്‍ ആറ് സിനിമാ കഥകള്‍ പറഞ്ഞു'; ഉലകനായകനെ കണ്ട അനുഭവം പങ്കുവെച്ച് അല്‍ഫോണ്‍സ് പുത്രന്‍

Web Desk
|
10 Jan 2023 11:09 AM GMT

അടുത്തിടെ നടൻ കമൽഹാസന് മന്ത്രി സ്ഥാനം നൽകണമെന്ന് അൽഫോൺസ് പുത്രൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു

ഉലകനായകന്‍ കമല്‍ഹാസനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഇന്‍സ്റ്റാഗ്രാമിലാണ് അല്‍ഫോണ്‍സ് പുത്രന്‍ അനുഭവം പങ്കുവെച്ചത്. ആദ്യ കാഴ്ചയില്‍ തന്നെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിയതായും അദ്ദേഹത്തില്‍ നിന്നും അഞ്ച്, ആറ് സിനിമാ പ്ലോട്ടുകള്‍ കേള്‍ക്കാന്‍ സാധിച്ചതായും അല്‍ഫോണ്‍സ് ആരാധനയോടെ പറഞ്ഞു. കമല്‍ഹാസന്‍ പറഞ്ഞ കഥകള്‍ അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്നുവെന്നും അതെല്ലാം തന്‍റെ പേന ഉപയോഗിച്ച് ചെറിയ കുറിപ്പുകളായി എഴുത്ത് പുസ്തകത്തില്‍ എഴുതാന്‍ പറ്റിയതായും കുറിപ്പില്‍ പറയുന്നു. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ അദ്ദേഹം പറഞ്ഞതെല്ലാം കുറിച്ചെടുക്കാന്‍ പറ്റിയോ അതോ നഷ്ടമായോ എന്ന പേടിയിലായിരുന്നു താനെന്നും അല്‍ഫോണ്‍സ് പോയ നിമിഷത്തെ ഓര്‍ത്തെടുത്തു.

കമല്‍ഹാസനുമായുള്ള കുടിക്കാഴ്ചക്ക് പ്രപഞ്ചത്തിന് നന്ദിയെന്നും അല്‍ഫോണ്‍സ് സന്തോഷം പ്രകടിപ്പിച്ചു. അവിശ്വസനീയവും അതിശയകരവും മനോഹരവുമായ അനുഭവത്തിന് കമല്‍ ഹാസന്‍റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലില്‍ നിന്നുള്ള മഹേന്ദ്രനും ഡിസ്‌നിക്കും നന്ദി അറിയിക്കുന്നതായും അല്‍ഫോണ്‍സ് കുറിച്ചു.

അടുത്തിടെ നടൻ കമൽഹാസന് മന്ത്രി സ്ഥാനം നൽകണമെന്ന് അൽഫോൺസ് പുത്രൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ ഒരു സിനിമാ ക്ഷേമ മന്ത്രി വേണമെന്നും, ആ സ്ഥാനത്ത് കമൽഹാസനെ നിയോ​ഗിക്കണമെന്നുമാണ് അല്‍ഫോണ്‍സ് ആവശ്യപ്പെട്ടത്. സിനിമാ ക്ഷേമ മന്ത്രിയാകാൻ ഏറ്റവും അനിയോജ്യനായ വ്യക്തി കാമൽഹാസനാണെന്നും, അദ്ദേഹത്തെ ചുമതല ഏൽപ്പിച്ചാൽ സിനിമാ വ്യവസായത്തിന് കുതിപ്പ് ഉണ്ടാകുമെന്നും അൽഫോൺസ് പറയുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനും അഭ്യർത്ഥനയുമായാണ് അൽഫോൺസ് പുത്രൻ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍റെ വാക്കുകള്‍:

സിനിമയിലെ മൗണ്ട് എവറസ്റ്റ് എന്നറിയപ്പെടുന്ന ഉലകനായകന്‍ കമല്‍ഹാസനെ ജീവിതത്തില്‍ ആദ്യമായി കണ്ടു.കാലിൽ വീണു അനുഗ്രഹം വാങ്ങി. അഞ്ച്, ആറ് സിനിമാ പ്ലോട്ടുകള്‍ ആ വായില്‍ നിന്നും കേട്ടു. പത്ത് മിനുറ്റിനുള്ളില്‍ ഞാനവ എന്‍റെ പേന ഉപയോഗിച്ച് ചെറിയ കുറിപ്പുകളായി എഴുത്ത് പുസ്തകത്തില്‍ എഴുതിവെച്ചു. ഒരു മാസ്റ്റർ എന്ന നിലയിൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് അദ്ദേഹത്തിന്‍റെ അനുഭവങ്ങളായിരുന്നു... എന്നാൽ ഒരു വിദ്യാർത്ഥിയെന്ന നിലയിൽ അദ്ദേഹം പറഞ്ഞതെല്ലാം കുറിച്ചെടുക്കാന്‍ പറ്റിയോ അതോ നഷ്ടമായോ എന്ന പേടിയിലായിരുന്നു ഞാന്‍. ഈ പ്രപഞ്ചത്തിന് നന്ദി. ഈ അവിശ്വസനീയവും അതിശയകരവും മനോഹരവുമായ അനുഭവത്തിന് രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിൽ നിന്നുള്ള മഹേന്ദ്രനും ഡിസ്‌നിക്കും നന്ദി.

പ്രേമത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേളക്ക് പിന്നാലെ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഗോള്‍ഡ്'. വലിയ പ്രതീക്ഷയോടെ തിയറ്ററുകളില്‍ എത്തിയ ചിത്രം പക്ഷേ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. നയന്‍താരയും പൃഥ്വിരാജുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Similar Posts