'ആ രംഗം കണ്ട് കണ്ണുനിറഞ്ഞു.. ഗുഹയുടെ ഭീകരത മനസിലായത് മഞ്ഞുമ്മൽ ബോയ്സ് കണ്ടപ്പോൾ'; ഗുണ സംവിധായകൻ പറയുന്നു
|കമൽ ഹാസനും ഇതേ അനുഭവമാണ് ഉണ്ടായതെന്നും അദ്ദേഹത്തിന് സിനിമ വളരെ ഇഷ്ടപ്പെട്ടെന്നും സന്താന ഭാരതി പറഞ്ഞു.
ജാൻ-എ-മന്നിനു ശേഷം ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം തമിഴ്നാട്ടിലും വൻ സ്വാകാര്യത നേടിക്കഴിഞ്ഞു. കമൽഹാസൻ്റെ 1991 ലെ സൈക്കോളജിക്കൽ ഡ്രാമയായ 'ഗുണ' എന്ന സിനിമയുമായുള്ള ബന്ധവും 'കണ്‍മണി..' എന്ന എക്കാലത്തെയും ഹിറ്റ് ഗാനത്തിന്റെ ഉപയോഗവും അതിന് കാരണമാണ്. മഞ്ഞുമ്മൽ ബോയ്സ് കണ്ടതിനു ശേഷം കമൽ ഹാസൻ തന്നെ നേരിട്ടെത്തി അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ചിരുന്നു. ചെന്നൈയിലുള്ള കമലിന്റെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 'ഗുണ' സിനിമയുടെ സംവിധായകൻ സന്താന ഭാരതിയുമായും മഞ്ഞുമ്മൽ ബോയ്സ് ടീം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം തിയേറ്ററിൽ കണ്ട അനുഭവം പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് സന്താന ഭാരതി. ക്ലൈമാക്സ് രംഗമെത്തിയപ്പോൾ കണ്ണുനിറഞ്ഞെന്നാണ് സന്താന ഭാരതി പറയുന്നത്.
"ചിത്രത്തിന്റെ ക്ലൈമാക്സിൽ കണ്‍മണി അൻപോട് കാതലൻ... എന്ന പാട്ട് വന്നപ്പോൾ തിയേറ്ററിൽ ആർപ്പുവിളിയും കരഘോഷവുമായിരുന്നു. എനിക്ക് രോമാഞ്ചമുണ്ടായി, എന്റെ കണ്ണുകൾ നിറഞ്ഞു. കമൽ ഹാസനും ഇതേ അനുഭവമാണുണ്ടായത്. അദ്ദേഹത്തിന് സിനിമ വളരെ ഇഷ്ടപ്പെട്ടു. 34 വർഷത്തിന് ശേഷം മറ്റൊരു ചിത്രത്തിലൂടെ വരുന്ന റെഫറന്‍സിന് ഇത്രയും കൈയടി കിട്ടുമ്പോള്‍ ഗുണ സിനിമയുടെ മൂല്യം ഒന്ന് ആലോചിച്ച് നോക്കൂ."- അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഗുണ സംവിധായകൻ വ്യക്തമാക്കുന്നു. 'ഗുണ' ചിത്രീകരിക്കുമ്പോള്‍ ആ ഗുഹ ഇത്ര അപകടംപിടിച്ച സ്ഥലമാണെന്ന് അറിയില്ലായിരുന്നു. ഈ സിനിമ കണ്ടപ്പോഴാണ് അത് മനസിലായതെന്നും സന്താന ഭാരതി കൂട്ടിച്ചേർക്കുന്നുണ്ട്.
'ഇതാണ് ക്ലൈമാക്‌സ്' എന്ന കുറിപ്പോടെയായിരുന്നു സംവിധായകൻ ചിദംബരം കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നെന്നും തമിഴ്‌നാട്ടുകാര്‍ക്ക് ഈ സിനിമ ഇത്രയേറെ ഇഷ്ടമാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ചിദംബരം കൂട്ടിച്ചേർക്കുന്നുണ്ട്. മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് തമിഴ്നാട് യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനും രംഗത്തുവന്നിരുന്നു. ചിത്രം കണ്ടുവെന്നും ആരും കാണാതിരിക്കരുതെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍ എക്സിൽ കുറിച്ചത്. "സൂപ്പര്‍, ഫന്റാസ്‍റ്റിക്, മാര്‍വലസ്" എന്നാണ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ പ്രശംസ. മികച്ച ഒരു ഫിലിം മേക്കിങ്ങാണെന്നും തിയേറ്റര്‍ അനുഭവമാണെന്നും കാർത്തിക് അഭിപ്രായപ്പെടുന്നുണ്ട്.
പറവ ഫലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവർ ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമിച്ചത്. ഒരു കൂട്ടം സുഹൃത്തുക്കളുടെ കൊടൈക്കനാൽ യാത്രയും ഗുണ ഗുഹയ്ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിപ്പോകുന്നതും തുടർന്നുള്ള അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.