അന്ന് പ്രേക്ഷകപ്രീതി നേടിയ ഗായകൻ, ഇന്ന് കിടപ്പാടമില്ലാതെ തെരുവിൽ; വഹാബ് ഭുഗ്തിയുടെ ജീവിതം ഇങ്ങനെ
|'വഹാബ് തന്നെയാണോ ഇത്' എന്നായിരുന്നു പലരുടെയും സംശയം
പ്രമുഖ പാക്കിസ്താൻ ടെലിവിഷൻ പ്രോഗ്രാമായ 'കോക്ക് സ്റ്റുഡിയോ'ക്ക് ഇന്ത്യൻ പ്രേക്ഷകർ ഏറെയാണ്. കോക്ക് സ്റ്റുഡിയോയിലെ മിക്ക ഗാനങ്ങളും സോഷ്യൽ മീഡിയയിൽ അടക്കം വൈറലാകാറുണ്ട്. അങ്ങനെ സംഗീതപ്രേമികളുടെ ഹൃദയം തൊട്ട ഒരു ഗാനമാണ് 'കനാ യാരി'. മനോഹരമായ ശബ്ദത്തിൽ ഈ പാട്ട് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ തളച്ചിട്ട അനുഗ്രഹീത കലാകാരൻ വഹാബ് ഭുഗ്തിയെ ആരും മറക്കാനിടയില്ല.
ചെറിയ വിവാഹവേദികൾ മുതൽ അന്താരാഷ്ട്ര വേദികളിൽ വരെ 'കനാ യാരി'യുടെ ഈണം എത്തിയപ്പോൾ ഒപ്പം വഹാബിന്റെ പ്രശസ്തിയും ഉയർന്നിരുന്നു. എന്നാൽ, ഈ ഗായകന്റെ ഇപ്പോഴത്തെ അവസ്ഥ വിശ്വസിക്കാനാകാതെ കുഴയുകയാണ് പ്രേക്ഷകർ. 'വഹാബ് തന്നെയാണോ ഇത്' എന്നായിരുന്നു പലരുടെയും സംശയം. അതെ, പാക്കിസ്താനിലെ ബലൂചിസ്ഥാനിലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് കുടുംബത്തോടൊപ്പം തെരുവിൽ കഴിയുന്നത് വഹാബ് ഭുഗ്തി തന്നെയാണ്.
കുട്ടികളോടൊപ്പമുള്ള വഹാബിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏറെ പരിതാപകരമാണ് അദ്ദേഹത്തിന്റെ അവസ്ഥ. ഒരു ഗായകന്റെ ആവേശമൊന്നും ഇപ്പോൾ ആ കണ്ണുകളിൽ കാണുന്നില്ലെന്ന് പ്രേക്ഷകർ പറയുന്നു.
നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയത്. വഹാബിനെ സഹായിക്കാൻ കോക്ക് സ്റ്റുഡിയോ രംഗത്ത് വരണമെന്നായിരുന്നു പൊതു അഭിപ്രായം. ഇതിനോടകം 'കനാ യാരി'യിൽ നിന്ന് കോടികൾ കോക്ക് സ്റ്റുഡിയോ സമ്പാദിച്ചിട്ടുണ്ടാകുമെന്നും അതിനാൽ വഹാബിനെ സഹായിക്കണമെന്നുമാണ് കോക്ക് സ്റ്റുഡിയോയുടെ ഔദ്യോഗിക പേജ് ടാഗ് ചെയ്തുകൊണ്ട് ആളുകൾ ആവശ്യപ്പെടുന്നത്. വഹാബിനെ സഹായിക്കാത്ത പക്ഷം കോക്ക് സ്റ്റുഡിയോ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരും കുറവല്ല.