Entertainment
വെറുതെ പണം പാഴാക്കരുത്, വിരമിച്ച് നവാഗതർക്ക് അവസരം നൽകൂ; കരണ്‍ ജോഹറിനോട് കങ്കണ
Entertainment

'വെറുതെ പണം പാഴാക്കരുത്, വിരമിച്ച് നവാഗതർക്ക് അവസരം നൽകൂ'; കരണ്‍ ജോഹറിനോട് കങ്കണ

Web Desk
|
29 July 2023 10:55 AM GMT

'റോക്കി ഓർ റാണി കി പ്രേം കഹാനി' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെയാണ് നടിയുടെ വിമർശനം.

സംവിധായകൻ കരൺ ജോഹറിനെതിരെ രൂക്ഷ വിമർശനവുമായി നടി കങ്കണ റണൗട്ട്. കരണ്‍ ജോഹർ സംവിധാനം ചെയ്ത 'റോക്കി ഓർ റാണി കി പ്രേം കഹാനി' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെയാണ് നടിയുടെ വിമർശനം.

കരണ്‍ ജോഹറിന്റെ ചിത്രങ്ങളിലെ ആവർത്തന വിരസതയാണ് നടി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ പ്രേക്ഷകർ ആറ്റംബോംബിന്റെ ഉത്ഭവത്തെക്കുറിച്ചും ആറ്റോമിക് സയൻസിനെക്കുറിച്ചുമുള്ള ചിത്രം ആസ്വദിക്കുമ്പോഴാണ് 'നെപ്പോ ഗാങ്' അമ്മായിഅമ്മയുടെയും മരുമകളുടെയും കണ്ണീർക്കഥയുമായി വരുന്നതെന്നാണ് നടിയുടെ വിമർശനം. ഇങ്ങനെയൊരു സിനിമയെടുക്കാൻ എന്തിനാണ് 250 കോടി ചെലവെന്നും നടി ചോദിക്കുന്നുണ്ട്.

ഒരേപോലെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന നിങ്ങളെ ഓർത്ത് നാണക്കേട് തോന്നുന്നുവെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ ഇനിയും ഫണ്ട് പാഴാക്കാതെ ഇൻഡസ്ട്രിയിൽ നിന്ന് വിരമിക്കണമെന്നും കങ്കണ ആവശ്യപ്പെടുന്നു. വിപ്ലവകരമായ സിനിമകൾ നിർമിക്കാൻ യുവ സംവിധായകരെ അനുവദിക്കണമെന്നും കങ്കണ കുറിച്ചു. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

രൺവീർ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തിയ 'റോക്കി ഓർ റാണി കി പ്രേം കഹാനി' വെള്ളിയാഴ്ചയാണ് തീയേറ്ററുകളിലെത്തിയത്. റൊമാന്റിക് കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ ധർമേന്ദ്ര, ജയ ബച്ചൻ, ശബാന അസ്മി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹിരൂ യഷ് ജോഹർ, കരൺ ജോഹർ, അപൂർവ്വ മേഹ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

കങ്കണയുടെ ‘തേജസ്’ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. സർവേഷ് മേവാര സംവിധാനം ചെയ്യുന്ന ചിത്രം ഒരു എയര്‍ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥയാണ് പറയുന്നത്. ഒക്ടോബര്‍ 20ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. കങ്കണ സംവിധായികയായി എത്തുന്ന ‘എമര്‍ജന്‍സി‘യാണ് മറ്റൊന്ന്. ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയായാണ് കങ്കണ എത്തുന്നത്.

Similar Posts