Entertainment
Kangana Ranaut

കങ്കണ

Entertainment

'ഞാനും ലതാജിയും ഒരുപോലെ; പണം വേണ്ടെന്ന് വയ്ക്കാന്‍ അന്തസ് വേണം' അംബാനി വിരുന്നില്‍ പങ്കെടുത്ത താരങ്ങള്‍ക്കെതിരെ കങ്കണ റണൗട്ട്

Web Desk
|
6 March 2024 6:48 AM GMT

പ്രശസ്തിയും പണവും വേണ്ടെന്ന് വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസും വേണമെന്നും താനും ലതാജിയും ഒരുപോലെയാണെന്നും കങ്കണ

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്‍റെയും അത്യാഡംബര വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത താരങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്ന് വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസും വേണമെന്നും താനും ലതാജിയും ഒരുപോലെയാണെന്നും കങ്കണ സോഷ്യല്‍മീഡിയ പോസ്റ്റില്‍ കുറിച്ചു.

കോടികള്‍ കിട്ടിയാലും വിവാഹ പരിപാടികളില്‍ പാടില്ലെന്ന അന്തരിച്ച പ്രമുഖ ഗായിക ലതാമങ്കേഷ്‌കറിന്‌റെ പഴയ വാര്‍ത്തയുടെ ചിത്രം പങ്കുവച്ച് അവരുമായി സ്വയം താരതമ്യം ചെയ്താണ് കങ്കണയുടെ പരാമര്‍ശം. പ്രമുഖ താരങ്ങള്‍ പങ്കെടുത്ത മൂന്ന് ദിവസം നീണ്ട ചടങ്ങില്‍ കങ്കണ പങ്കെടുത്തിരുന്നില്ല. ''ഞാനും ലതാ ജിയും മാത്രമാണ് ഹിറ്റ് ഗാനങ്ങളുള്ള (ഫാഷന്‍ കാ ജല്‍വ, ഗാനി ബാവ്ലി ഹോ ഗയി, ലണ്ടന്‍ തുംക്ഡ, സാദി ഗല്ലി, വിജയ് ഭാവ..) രണ്ട് താരങ്ങള്‍. പ്രലോഭനങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട് എന്നാല്‍ കാര്യമില്ല. താന്‍ ഒരിക്കലും വിവാഹ ചടങ്ങുകളില്‍ നൃത്തം ചെയ്യില്ലെന്നും'' കങ്കണയുടെ പോസ്റ്റില്‍ പറയുന്നു. ''ഹിറ്റായ നിരവധി ഐറ്റം ഗാനങ്ങള്‍ എന്‌റേതായുണ്ട് അവാര്‍ഡ് ദാനങ്ങള്‍ പോലും താന്‍ വേണ്ടെന്നുവച്ചു. പ്രശസ്തിയും പണവും വേണ്ടെന്ന് വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസും ആവശ്യമാണ്. കുറുക്കുവഴികളുടെ ലോകത്ത് ഒരാള്‍ക്ക് നേടാനാകുന്ന ഏക സമ്പത്ത് സത്യസന്ധതയുടെ സമ്പന്നതയാണെന്ന് യുവതലമുറ മനസിലാക്കണമെന്നും'' കങ്കണ കുറിച്ചു.

ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ഖാന്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ദീപികപദുക്കോണ്‍, അമിതാഭ് ബച്ചന്‍, രജിനികാന്ത്, ഐശ്വര്യറായ് തുടങ്ങി വന്‍ താരനിരയാണ് പങ്കെടുത്തത്. പ്രമുഖ ഗായിക റിഹാനയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.ഖാന്‍ ത്രയങ്ങള്‍ ഒരുമിച്ച് ഓസ്കര്‍ പുരസ്കാരം നേടിയ തെലുങ്ക് ഗാനം' നാട്ടു നാട്ടുവിന്' ചുവടു വച്ചതും വൈറലായിരുന്നു. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രസില്ലയും പ്രീ വെഡ്ഡിംഗ് ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Similar Posts