'ഷൂട്ടിന് പാര്‍ലമെന്‍റ് വേണം'; ആവശ്യവുമായി കങ്കണ റണാവത്ത്
|സന്‍സദ് ടി.വിക്കും ദൂരദര്‍ശനും മാത്രമാണ് നിലവില്‍ പാര്‍ലമെന്‍റിനകത്ത് ചിത്രീകരണാനുമതിയുള്ളത്
ന്യൂഡല്‍ഹി: പുതിയ ചിത്രമായ 'എമര്‍ജന്‍സി'യുടെ ചില ഭാഗങ്ങള്‍ പാര്‍ലമെന്‍റ് മന്ദിരത്തിനകത്തു ചിത്രീകരിക്കാന്‍ അനുവദിക്കണമെന്നവശ്യപ്പെട്ട് നടി കങ്കണ റണാവത്ത് ലോക്സഭാ സെക്രട്ടറിയേറ്റിന് കത്ത് നല്‍കി. അതെ സമയം കങ്കണയുടെ അപേക്ഷ പരിഗണനയിലാണെന്നും ചിത്രീകരണാനുമതി ലഭിക്കാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
സാധാരണഗതിയില്‍ പാര്‍ലമെന്‍റിനുള്‍വശത്ത് സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ചിത്രീകരണാനുമതി നല്‍കാറില്ല. എന്നാല്‍ അപൂര്‍വ സാഹചര്യങ്ങളില്‍ സര്‍ക്കാരിന് വേണ്ടിയുള്ള ചിത്രീകരണമാണെങ്കില്‍ അനുവദിക്കാറുണ്ട്. സന്‍സദ് ടി.വിക്കും ദൂരദര്‍ശനും മാത്രമാണ് നിലവില്‍ പാര്‍ലമെന്‍റിനകത്ത് ചിത്രീകരണാനുമതിയുള്ളത്.
കഴിഞ്ഞ ജൂണ്‍ ആദ്യമാണ് കങ്കണ സംവിധാനം ചെയ്ത് അഭിനയിക്കുന്ന 'എമര്‍ജന്‍സി'യുടെ ചിത്രീകരണം തുടങ്ങിയത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷമാണ് ചിത്രത്തില്‍ കങ്കണ ചെയ്യുന്നത്. 1975ലെ അടിയന്തരാവസ്ഥ പ്രമേയമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.