കങ്കണയുടെ 'തലൈവി' ഇനി ആമസോണ്‍ പ്രൈമിലും; മലയാളമടക്കം നാലു ഭാഷകളില്‍ സ്ട്രീമിംഗ്
|സെപ്റ്റംബര്‍ 10നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. സെപ്റ്റംബര്‍ 25നു നെറ്റ്ഫ്ളിക്സിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് എത്തിയ 'തലൈവി' നാളെ മുതല്‍ ആമസോണ്‍ പ്രൈമിലും സ്ട്രീമിംഗ് ആരംഭിക്കും . തമിഴിനൊപ്പം തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളും ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 10നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. സെപ്റ്റംബര്‍ 25ന് നെറ്റ്ഫ്ളിക്സിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു.
എ എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രത്തില്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയും കരുണാനിധിയുടെ റോളില്‍ നാസറുമാണ് എത്തിയത്. ജയലളിത തോഴി ശശികലയായി മലയാളി നടി ഷംന കാസിമും എത്തുന്നു. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്ജുന്, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധനും ശൈലേഷ് ആര് സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
തമിഴില്‍ ഏറെക്കാലമായി പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇതെങ്കിലും ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനില്‍ അത് പ്രതിഫലിച്ചിരുന്നില്ല. നെറ്റ്ഫ്ളിക്സിനു പിന്നാലെ ആമസോണ്‍ പ്രൈമിലും എത്തുന്നതോടെ ചിത്രത്തെ കൂടുതല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.
#Thalaivii in Tamil, Telugu, Kannada and Malayalam, streaming on Amazon Prime from Tomorrow Oct 10th. Enjoy 😊 pic.twitter.com/2pZ7djx6K2
— arvind swami (@thearvindswami) October 9, 2021