റൂട്ട് കനാല്‍ ശസ്ത്രക്രിയ പിഴച്ചു; മുഖം മുഴുവന്‍ നീര്,തിരിച്ചറിയാന്‍ പോലുമാകാതെ നടി
|നടി ഇപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്
കര്‍ണാടക: റൂട്ട് കനാല്‍ ശസ്ത്രക്രിയയിലുണ്ടായ പിഴവ് മൂലം തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ കന്നഡ നടി സ്വാതി സതീഷ്. സര്‍ജറിക്ക് ശേഷം മുഖത്തിന്റെ വലതുഭാഗം നീരു വന്ന് വീര്‍ത്ത നിലയിലാണ്. നടി ഇപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു സ്വകാര്യ ആശുപത്രിയിലാണ് നടി റൂട്ട് കനാൽ ശസ്ത്രക്രിയ ചെയ്തത്. ചികിത്സ പരാജയപ്പെട്ടതിനെ തുടർന്ന് അടുത്തിടെ വേദന ഉണ്ടാവുകയും മുഖം വീർക്കുകയുമായിരുന്നു. വീക്കം ഒരു സാധാരണ പാർശ്വഫലമാണെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത് കുറയുമെന്നും ശസ്ത്രക്രിയ സമയത്ത് ഡോക്ടർമാർ അവളെ അറിയിച്ചിരുന്നുവെങ്കിലും 20 ദിവസത്തിന് ശേഷവും സ്വാതിയുടെ അവസ്ഥ അതേപടി തന്നെയായിരുന്നു. ചികിൽസ സംബന്ധിച്ച് അപൂർണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടർ നൽകിയതെന്ന് സ്വാതി ആരോപിച്ചു. നടപടിക്രമത്തിനിടെ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നൽകിയെന്നാണ് ആരോപണം. സ്വാതി ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിൽ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നത്.
ബെംഗളൂരു സ്വദേശിയായ സ്വാതി തമിഴ്, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിഷ്ണു വിശാൽ നായകനായി എത്തിയ എഫ്ഐആറിൽ അഭിനയിച്ചിരുന്നു. കൂടാതെ 6 ടു 6 എന്ന കന്നഡ ചിത്രത്തിലും അഭിനയിച്ചു. പ്ലാസ്റ്റിക് സർജറി പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം പ്രശസ്ത കന്നഡ ടിവി നടി ചേതന രാജ് മരിച്ചിരുന്നു. 21 വയസ്സ് മാത്രമായിരുന്നു പ്രായം. ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ക്ലിനികില്‍ വച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്. ചേതനയുടെ മരണത്തിന് കാരണം ചികിത്സാപ്പിഴവാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.