പിതാവിന്‍റെ വഴിയേ മകനും; പുനീത് രാജ്കുമാറിന്‍റെ കണ്ണുകള്‍ ഇനിയും ലോകം കാണും
|പുനീതിന്‍റെ പിതാവ് രാജ്കുമാര്‍ മരിച്ചപ്പോഴും കണ്ണുകള്‍ ദാനം ചെയ്തിരുന്നു
അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്‍റെ കണ്ണുകളിലെ കാഴ്ച്ച നിലക്കില്ല. നടന്‍റെ കണ്ണുകള്‍ ദാനം ചെയ്തതായും മരണപ്പെട്ട് ആദ്യ ആറു മണിക്കൂറിനുള്ളില്‍ തന്നെ ഇതിനായുള്ള ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ നടത്തിയതായും നടന്‍ ചേതന്‍ കുമാര്‍ അഹിംസ ട്വീറ്റ് ചെയ്തു. നേരത്തെ പുനീതിന്‍റെ പിതാവ് രാജ്കുമാര്‍ മരിച്ചപ്പോഴും കണ്ണുകള്‍ ദാനം ചെയ്തിരുന്നു. പുനീതിന്‍റെ പിതാവും നടനുമായ രാജ്കുമാര്‍ കുടുംബമൊന്നാകെ മരണത്തിന് ശേഷം കണ്ണുകള്‍ ദാനം നല്‍കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. 2006 ഏപ്രില്‍ 12നാണ് പുനീതിന്‍റെ പിതാവ് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുന്നത്.
While I was at hospital to see Appu Sir, a medical group came to remove his eyes in 6-hour window after death
— Chetan Kumar Ahimsa / ಚೇತನ್ ಅಹಿಂಸಾ (@ChetanAhimsa) October 29, 2021
Appu Sir—like Dr Rajkumar & @NimmaShivanna—donated his eyes
Following in their footsteps & in Appu Sir's memory, we must all pledge to donate our #eyes as well
I do so pic.twitter.com/MsNAv5zGZC
ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചക്കായിരുന്നു പുനീതിന്‍റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതൽ പുനീതിന്‍റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവുപോലെ വർക്കൗട്ട് ചെയ്യുകയായിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. താരത്തിന്‍റെ സംസ്കാരം നാളെ നടക്കും. അമേരിക്കയിലുള്ള മകളെത്തിയ ശേഷമാണ് സംസ്കാരം.
ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ പുനീത് ഇതുവരെ 29ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പു എന്ന സിനിമയിലെ പുനീതിന്‍റെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ ആരാധകര്‍ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു. അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധേയമായി.
അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കർണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്. 26 അനാഥാലയങ്ങൾ, 25 സ്കൂളുകൾ, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരിൽ 'ശക്തിദാ'മ എന്ന വലിയ സംഘടനയും അവിടെ പെൺകുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു.