കാന്താര ഒടിടിയിലേക്ക്? പ്രതികരണവുമായി നിര്‍മാതാവ്
|നവംബര്‍ 4ന് ആമസോണ്‍ പ്രൈമിലൂടെ കാന്താര സ്ട്രീം ചെയ്യുമെന്നായിരുന്നു വാര്‍ത്ത
കാണുന്നവരുടെയെല്ലാം കയ്യടി നേടി 'കാന്താര' മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആദ്യം കര്‍ണാടകയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം മോളിവുഡും ടോളിവുഡും ബോളിവുഡുമെല്ലാം കീഴടക്കിയിരിക്കുകയാണ്. മികച്ച ദൃശ്യാനുഭവമാണ് സിനിമ സമ്മാനിക്കുന്നതെന്നാണ് കാഴ്ചക്കാരുടെ വിലയിരുത്തല്‍. തിയറ്ററില്‍ തന്നെ കാണണമെന്നും സിനിമാസ്വാദകര്‍ പറയുന്നു. എന്നാല്‍ ഇതിനിടയില്‍ കാന്താര ഒടിടിയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് കാര്‍ത്തിക് ഗൗഡ.
നവംബര്‍ 4ന് ആമസോണ്‍ പ്രൈമിലൂടെ കാന്താര സ്ട്രീം ചെയ്യുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതു വ്യാജവാര്‍ത്തയാണെന്ന് കാര്‍ത്തിക പറയുന്നു.''വ്യാജ വാര്‍ത്ത. ചിത്രം എപ്പോള്‍ ഒടിടിയില്‍ എത്തുമെന്ന വിവരം ഞങ്ങള്‍ നിങ്ങളെ അറിയിക്കും. ഉറപ്പായും നവംബര്‍ 4ന് ഉണ്ടാകില്ല.' കാര്‍ത്തിക് ഗൗഡ ട്വിറ്ററില്‍ കുറിച്ചു.
ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകന്‍. സെപ്തംബര്‍ 30നാണ് ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്തത്. ആദ്യം കുറഞ്ഞ സ്ക്രീനില്‍ മാത്രം പ്രദര്‍ശനം തുടങ്ങിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ ആളെക്കൂട്ടുകയായിരുന്നു. കന്നഡയില്‍ വിജയമായതോടെ ചിത്രം പിന്നീട് തെലുങ്ക്,തമിഴ്,ഹിന്ദി, മലയാളം,ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുകയായിരുന്നു. എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് കാന്താരക്ക് ലഭിക്കുന്നത്. 16 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ 243 കോടി കലക്ഷന്‍ നേടിയിട്ടുണ്ട്. കെ.ജി.എഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
രജനീകാന്ത്,പ്രഭാസ്,കങ്കണ റണൗട്ട്, ജയസൂര്യ തുടങ്ങിയ താരങ്ങള്‍ കാന്താരയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍സിനിമയിലെ മാസ്റ്റര്‍ പീസ് എന്നാണ് രജനി ചിത്രത്തെ വിശേഷപ്പിച്ചത്. 'എന്തൊരു സിനിമ!!!!! എന്തൊരു പ്രകടനം!!!എന്തൊരു വിഷയം!!! നിങ്ങളുടെ ട്രാൻസ് പെർഫോമൻസ് ഇഷ്ടപ്പെട്ടു സഹോദരാ(റിഷഭ് ഷെട്ടി). മുഴുവൻ കന്താര ടീമിനും അഭിനന്ദനങ്ങൾ. ഈ ദൈവിക യാത്ര നഷ്ടപ്പെടുത്തരുത്', എന്നാണ് ജയസൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.