Entertainment
Karnataka govt. bans release of ‘Hamare Baarah’ film citing potential communal tension, Hamare Baarah row, Siddaramaiah government,
Entertainment

'മുസ്‌ലിംകൾക്കെതിരെ അധിക്ഷേപം': 'ഹമാരെ ബാരാ' ചിത്രത്തിന്റെ റിലീസ് തടഞ്ഞ് കർണാടക സർക്കാർ

Web Desk
|
7 Jun 2024 2:31 PM GMT

സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകർക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാർ റിലീസ് തടഞ്ഞ് ഉത്തരവിറക്കിയത്

ബംഗളൂരു: ബോളിവുഡ് ചിത്രം 'ഹമാരെ ബാരാ' നിരോധിച്ച് കർണാടക. അടുത്തൊരു ഉത്തരവുണ്ടാകുന്നതു വരെയാണു വിലക്ക്. സിനിമയിൽ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണു സംസ്ഥാനത്തെ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതു തടഞ്ഞിരിക്കുന്നത്.

1964ലെ കർണാടക സിനിമാ(നിയന്ത്രണ) നിയമം പ്രകാരമാണ് സിദ്ധരാമയ്യ സർക്കാറിന്റെ നടപടി. നിരവധി സംഘടനാ നേതാക്കൾ വിഷയത്തിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു പുറമെ ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകർക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

മുസ്‌ലിം സമുദായത്തെ ബോധപൂർവം വേട്ടയാടുന്നതാണു ചിത്രമെന്നാണു പരാതി ഉയർന്നിരിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കുകയാണു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നു വിവിധ സംഘടനകൾ ആരോപിച്ചു.

കമൽചന്ദ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അന്നു കപൂർ, അശ്വിനി കൽസേകർ, മനോജ് ജോഷി എന്നിവരാണു പ്രധാന റോളുകളിലെത്തുന്നത്. അഭിമന്യു സിങ്, പാർഥ് സമതാൻ, പരിതോഷ് തൃപാഠി, അദിതി ഭട്ട്പാരി, ഇഷ്‌ലിൻ പ്രസാദ് എന്നിവരും വിവിധ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. രവി എസ്. ഗുപ്ത, ബിരേന്ദർ ഭഗത്, സഞ്ജയ് നാഗ്പാൽ എന്നിവരാണ് നിർമാതാക്കൾ.

ജനസംഖ്യാ നിയന്ത്രണമാണ് സിനിമയുടെ പ്രമേയമാകുന്നതെന്നാണു വിവരം. നേരത്തെ 'ഹം ദോ ഹമാരെ ബാരാ'(നാം രണ്ട്, നമുക്ക് പന്ത്രണ്ട്) എന്നായിരുന്നു ചിത്രത്തിനു പേരുനൽകിയിരുന്നു. ഇതു പിന്നീട് സെൻസർ ബോർഡിന്റെ നിർദേശ പ്രകാരം 'ഹമാരെ ബാരാ' എന്നാക്കുകയായിരുന്നു. ഇന്നാണു ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

Summary: Karnataka govt. bans release of ‘Hamare Baarah’ film citing potential communal tension

Similar Posts