കാർത്തിക് സുബ്ബരാജ് ചിത്രം 'ജിഗർതണ്ട ഡബിൾ എക്സ്' ഡിസംബറിൽ ഓ.ടി.ടിയിലെത്തും
|നെറ്റ്ഫ്ലിക്‌സാണ് 'ജിഗർതണ്ട ഡബിൾ എക്സി'ന്റെ ഓ.ടി.ടി അവകാശം സ്വന്തമാക്കിയത്
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത വെസ്റ്റേൺ ആക്ഷൻ കോമഡി ചിത്രം ജിഗർതണ്ട ഡബിൾ എക്‌സ് ഓ.ടി.ടിയിലെത്തുന്നു. നെറ്റ്ഫ്ലിക്‌സാണ് ചിത്രത്തിന്റെ ഓ.ടി.ടി അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ സ്ട്രീമിങ് ഡിസംബർ എട്ടിന് ആരംഭിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകും. രാഘവ ലോറൻസ്, എസ്.ജെ സൂര്യ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സത്യജിത്ത് റേയെ പോലെ ഒരു ഫിലിം മേക്കറയാണ് ചിത്രത്തിൽ എസ്.ജെ സൂര്യ എത്തുന്നത്. 2014ൽ സിദ്ധാർഥ്, ബോബി സിംഹ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയത ജിഗർതണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗർത്തണ്ട ഡബിൾ എക്‌സ്. 1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, നിമിഷ സജയൻ, നവീൻ ചന്ദ്ര എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെയും സ്‌റ്റോൺ ബെഞ്ച് ഫിലിംസിന്റെയും ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ചിത്രം നിർമിച്ചത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ടിറു ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗും നിർവഹിച്ചു ഏകദേശം 100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.