Entertainment
കശ്മീർ ഫയൽസ് മേളയിൽ ഉള്‍പ്പെടുത്തിയത് ചിലരെ പ്രീതിപ്പെടുത്താനായിരിക്കും: അടൂർ ഗോപാലകൃഷ്ണൻ
Entertainment

കശ്മീർ ഫയൽസ് മേളയിൽ ഉള്‍പ്പെടുത്തിയത് ചിലരെ പ്രീതിപ്പെടുത്താനായിരിക്കും: അടൂർ ഗോപാലകൃഷ്ണൻ

Web Desk
|
7 Dec 2022 12:30 PM GMT

'സ്വയംവരം' ചിത്രത്തിന്റെ അമ്പതാംവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴാണ് അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ മത്സരവിഭാഗത്തിൽ കശ്മീർ ഫയൽസ് ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മേളയിലെ സിനിമാ തെരഞ്ഞെടുപ്പ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അടൂർ അഭിപ്രായപ്പെട്ടു. തന്റെ ആദ്യ ചിത്രം 'സ്വയംവരം' ചിത്രത്തിന്റെ അമ്പതാംവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോളാണ് അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം.

ദ കശ്മീർ ഫയൽസ് സിനിമ താൻ കണ്ടിട്ടില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സിനിമയെ കുറിച്ച് കേട്ടിട്ടുണ്ട്, അതൊരു പ്രചാരണ സിനിമയാണ്, ഫെസ്റ്റിവലിൽ സിനിമ ഉൾപ്പെടുത്തിയത് ചില ആളുകളെ പ്രീതിപ്പെടുത്താനുള്ള ശ്രമമായിരിക്കുമെന്നും അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു. കശ്മീർ ഫയൽസിനെ കുറിച്ചുള്ള ഐഎഫ്എഫ്‌ഐ ജൂറി തലവൻ നദാവ് ലാപിഡിന്റെ പരാമർശം വലിയ വിവാദത്തിനിടയാക്കിയിരുന്നു. കശ്മീർ ഫയൽസ് വൃത്തികെട്ട പ്രചാരണ സിനിമായാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ജൂറിയിലെ ഏക ഇന്ത്യൻ അംഗം സുദീപ്‌തോ സെൻ അത് നദാവിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് വ്യക്തമാക്കിപ്പോള്‍, ജൂറിയിലെ മറ്റു അംഗങ്ങൾ നദാവിന് പൂർണ പിന്തുണ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ ഉറച്ച് നിൽക്കുന്നതായി സഹ ജൂറി അംഗങ്ങൾ വ്യക്തമാക്കി.

നദാവിന്റെ പരാമർശം രാജ്യത്ത് വൻ പ്രതിഷേധത്തിനാണിടയാക്കിയത്. കശ്മീർ ഫയൽസ് വിവേക് അഗ്‌നിഹോത്രിയാണ് സംവിധാനം ചെയ്തത്. നടൻ അനുപം ഖേറാണ് ചിത്രത്തിലെ നായകൻ. മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, പല്ലവി ജോഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാമുദായിക ധ്രുവീകരണത്തിന് സിനിമ കാരണമാകുമെന്ന് പലരും ആരോപിച്ചു.

Similar Posts