അവസാനമായി ഒരുനോക്കു കാണാനെത്തി, ഇന്നസെന്റിനെ കണ്ട് പൊട്ടിക്കരഞ്ഞ് കാവ്യ
|ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടെ കിഴക്കേ സെമിത്തേരിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്നസെന്റിന്റെ ഭൗതികദേഹം സംസ്‌കരിച്ചു
ഇരിങ്ങാലക്കുട: അന്തരിച്ച നടൻ ഇന്നസെന്റിന്റെ ഭൗതിക ദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് നടി കാവ്യാ മാധവൻ. ഭർത്താവ് ദിലീപിനൊപ്പം ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് കാവ്യ, ഒരുപിടി ചിരിക്കൂട്ടുകൾ സമ്മാനിച്ച മലയാളത്തിന്റെ പ്രിയനടനെ കാണാനെത്തിയത്.
ദിലീപും കാവ്യയുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ച വ്യക്തിയായിരുന്നു ഇന്നസെന്റ്. അന്തരിച്ച ദിവസം മുതൽ ദിലീപ് എല്ലാ കാര്യങ്ങളിലും കൂടെയുണ്ടായിരുന്നു. 'ഓർമയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാകും' എന്ന് ദിലീപ് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.
'വാക്കുകൾ മുറിയുന്നു... കണ്ണുകളിൽ ഇരുട്ടു മൂടുന്നു... ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്... ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്.... അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു... കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു... ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ... വാക്കുകൾ മുറിയുന്നു... ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും.' - എന്നായിരുന്നു ദിലീപന്‍റെ കുറിപ്പ്.
അതിനിടെ, ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടെ കിഴക്കേ സെമിത്തേരിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്നസെന്റിന്റെ ഭൗതികദേഹം സംസ്‌കരിച്ചു. വീട്ടിലെ തിരുകർമങ്ങൾക്ക് ശേഷമാണ് മൃതദേഹം സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലേക്ക് കൊണ്ട് പോയത്. സംസ്‌കാര ചടങ്ങുകൾക്ക് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ നേതൃത്വം നൽകി.
സിനിമാ സാമൂഹ്യ രംഗത്തെ പ്രമുഖരും ആരാധകരുമടക്കം ആയിരങ്ങളാണ് ഇന്നും അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് മലയാളത്തിന്റെ ചിരി മാഞ്ഞത്. രണ്ടു തവണ അർബുദത്തോട് പടവെട്ടി വിജയിച്ച ഇന്നസെന്റ് ഒടുവിൽ മരണത്തിന് കീഴടങ്ങടങ്ങുകയാണ്. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ 11.30 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ അവസാന നോക്കു കാണാൻ ആയിരങ്ങളെത്തി. തുടർന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയിൽ ആലുവയിലും അങ്കമാലിയിലും അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറു കണക്കിന് പേരെത്തി.