കീരവാണി വീണ്ടും മലയാളത്തിലേക്ക്; ഒരുങ്ങുന്നത് അഞ്ച് ഗാനങ്ങൾ
|ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്
ഓസ്‌കർ ജേതാവ് എം.എം. കീരവാണി വീണ്ടും മലയാളത്തിനായി സംഗീതം പകരും. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ജോണി സാഗരിക നിർമ്മിക്കുന്ന ചിത്രത്തിൽ കീരവാണി- ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിൽ അഞ്ച് ഗാനങ്ങളാണ് ഒരുങ്ങുന്നത്. കോവിഡ് കാരണം റിലീസ് വൈകിയ ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിച്ചത്.
ഭരതൻ സംവിധാനം ചെയ്ത ദേവരാഗം, വിജി തമ്പി സംവിധാനം ചെയ്ത സൂര്യമാനസം, ഐ.വി ശശിയുടെ നീലഗിരി, രാവീവ് നാഥിന്റെ സ്വർണച്ചാമരം തുടങ്ങിയ ചിത്രങ്ങളിലാണ് കീരവാണിയുടെ സംവിധാനത്തിൽ പാട്ടുകൾ പിറന്നത്. പാട്ടൊരുക്കിയ കീരവാണിക്ക് മലയാളമറിയില്ലെങ്കിലും കീരവാണിയൊരുക്കിയ പാട്ടുകളെല്ലാം മലയാളി എന്നും മനസ്സിൽ മൂളുന്നവയാണ്. മമ്മൂട്ടി നായകനായ 'നീലഗിരി'ക്കായാണ് ആദ്യഗാനമൊരുക്കിയത്. 'തുമ്പീ നിൻ മോഹവും കിളി പാടും ഏതോ പാട്ടും' എന്ന ഗാനം സിനിമയുടെ മാറ്റ് കൂട്ടി. 'തരളിത രാവിൽ മയങ്ങിയോ' എന്ന സൂര്യ മാനസത്തിലെ ഗാനം മലയാളികൾ ഏറ്റുപാടി. സിനിമയോളം തന്നെ ഈ ഈണവും ഹിറ്റായി.
ദേവരാഗത്തിലെ എല്ലാ ഗാനങ്ങളും മനസിൽതങ്ങിനിൽക്കുന്നതാണ്. 'ശിശിരകാല മേഘമിഥുന ഋതുപരാഗമോ' എന്ന ഗാനം മൂളാത്ത മലയാളികൾ അപൂർവമാണ്. ശശികല ചാർത്തിയ ദീപാവലയും എന്ന ഗാനം മലയാളികളുടെ ദീപാവലി ആഘോഷത്തിന്റേയും ഭാഗമായി. ഇങ്ങനെ കേൾക്കുന്നവരെ മുഴുവൻ നൃത്തം ചെയ്യിക്കുന്ന ഫാസ്റ്റ് നമ്പറുകളും ഹൃദയം തൊടുന്ന മെലഡികളും കീരവാണി മലയാളികൾക്ക് സമ്മാനിച്ചു. കുറഞ്ഞ ഈണങ്ങളാണെങ്കിലും ഏല്ലാം മനസിൽ തങ്ങിനിൽക്കുന്നവയാണ്.
ഗായകനായും മലയാളികൾക്കു പ്രിയപ്പെട്ടവനായിട്ടുണ്ട് കീരവാണി. മാണിക്യ ചെമ്പഴുക്കയിലെയും സ്‌നേഹ സാമ്രാജ്യത്തിലെയും പാട്ടുകളിലൂടെ അദ്ദേഹത്തിന്റെ സ്വരഭംഗിയും മലയാളികളറിഞ്ഞു. ഓസ്‌കർ പുരസ്‌കാര നേട്ടത്തിൽ കീരവാണി നിൽക്കുന്‌പോൾ അദ്ദേഹം മലയാളത്തിനായി സമ്മാനിച്ച ഗാനങ്ങളെ ഓർത്ത് മലയാളിക്ക് അഭിമാനിക്കാം. ഒപ്പം ശ്രീകുമാരൻ തന്പി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കീരവാണി മാജിക്കിനായും കാത്തിരിക്കാം.