'എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള നടിയാണ് കീർത്തി സുരേഷ്'; ബോണി കപൂർ
|ബോളിവുഡിൽ വലിയ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു ബോണിയുടെയും ശ്രീദേവിയുടെയും
സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ച ആളാണ് കീർത്തി സുരേഷ്. നിർമാതാവായ സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേക്കെത്തുന്നത്. മലയാളിയാണെങ്കിലും ടോളിവുഡിലൂടെയാണ് കീർത്തി പ്രേക്ഷക ശ്രദ്ധ നേടുന്നത്. വിക്രം ഉള്‍പ്പടെയുള്ള മുൻനിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് കയ്യടി നേടിയ കീർത്തിയെക്കുറിച്ച് നിർമാതാവ് ബോണി കപൂർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്റെ ഭാര്യയും നടിയുമായ ശ്രീദേവിയുമായി ബന്ധപ്പെടുത്തിയായിരുന്നു ബോണി കപൂറിന്റെ പരാമർശം.
തന്റെ ഭാര്യയും നടിയുമായിരുന്ന ശ്രീദേവിയെ പോലെ തന്നെ സൗന്ദര്യവും കഴിവുമുള്ള നടിയാണ് കീർത്തി സുരേഷ് എന്നായിരുന്നു ബോണി കപൂർ പറഞ്ഞത്. മാമന്നൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ബോണി കപൂർ ഇത്തരമൊരു പരാമർശം നടത്തിയത്. ബോളിവുഡിൽ വലിയ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു ബോണിയുടെയും ശ്രീദേവിയുടെയും. രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം .
മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാമന്നന്'. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ പ്രതിനായക വേഷത്തിൽ ഫഹദ് ഫാസിലും എത്തുന്നുണ്ട്. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. എ.ആർ. റഹ്മാനാണ് സംഗീതം. തേനി ഈശ്വർ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ വടിവേലുവും ശക്തമായ കഥാപാത്രമായെത്തും.
കുബേരൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ കീര്‍ത്തിയ സുരേഷ് ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തുന്നത്. മഹാനടി എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. ഇപ്പോള്‍ വിവിധ ഭാഷകളിലായി നിരവധി അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്. മലയാളത്തില്‍ പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍; അറബിക്കടലിന്റെ സിംഹം, വാശി എന്നീ ചിത്രങ്ങളിലെ കീർത്തിയുടെ കഥാപാത്രങ്ങളും ജനശ്രദ്ധ നേടിയിരുന്നു.