രാജ്യത്ത് സ്വതന്ത്രമായി ശ്വസിക്കാനാകുന്നത് കേരളത്തില്‍: പ്രകാശ് രാജ്
|'ഗൗരി കൊല്ലപ്പെടുന്നതു വരെ ഞാന്‍ നിശ്ശബ്ദനായിരുന്നു, പക്ഷേ അവരുടെ മരണ ശേഷം കുറ്റബോധം കൊണ്ടു വീര്‍പ്പുമുട്ടി'
രണ്ട് ഇന്ത്യയില്‍ നിന്നാണു താന്‍ വരുന്നതെന്നും അതില്‍ കേരളം ഉള്‍പ്പെടുന്ന ഇന്ത്യയിലെത്തുമ്പോഴാണു സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്നതെന്നും നടന്‍ പ്രകാശ് രാജ്. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍റെ ഡേ.എന്‍.എം മുഹമ്മദാലി പുരസ്കാരം സ്വീകരിച്ച ശേഷമായിരുന്നു പ്രകാശ് രാജിന്‍റെ പ്രതികരണം.
'ആദ്യത്തേത് സാന്താക്ലോസ് മൂര്‍ദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ, രണ്ടാമത്തെ ഇന്ത്യ കേരളം ഉള്‍പ്പെടുന്നതാണ്. അവിടെ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്നത്. ഈ രാക്ഷസന്മാരെ പടിക്കു പുറത്തു നിര്‍ത്തുന്ന ദൈവത്തിന്‍റെ സ്വന്തം നാടിന് എന്‍റെ നന്ദി'; പ്രകാശ് രാജ് പറഞ്ഞു.
ഡേ.എന്‍.എം മുഹമ്മദാലി പുരസ്കാരം നേരത്തെ സ്വീകരിച്ചിരുന്ന ഗൗരി ലങ്കേഷിനെയും പ്രകാശ് രാജ് ഓര്‍മ്മിച്ചു. എന്നെ ഞാനാക്കിയതു ഗൗരിയുമായുള്ള 35 വര്‍ഷത്തെ സൗഹൃദമാണ്. ഗൗരി കൊല്ലപ്പെടുന്നതു വരെ ഞാന്‍ നിശ്ശബ്ദനായിരുന്നു, പക്ഷേ അവരുടെ മരണ ശേഷം കുറ്റബോധം കൊണ്ടു വീര്‍പ്പുമുട്ടി. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ശബ്ദിച്ചിരുന്നെങ്കില്‍ ഗൗരി കൊല്ലപ്പെടില്ലായിരുന്നെന്ന് ആരോ പറയുന്നതായി തോന്നി. തെറ്റു ചെയ്തവരോടു ചിലപ്പോള്‍ കാലം ക്ഷമിച്ചേക്കാം. പക്ഷേ ആ തെറ്റുകള്‍ക്കു മൗനാനുവാദം നല്‍കിയവര്‍ക്കു കാലം മാപ്പു നല്‍കില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
സിനിമയില്‍ വില്ലനായിട്ടുണ്ടെങ്കിലും ജീവിതത്തില്‍ യഥാര്‍ത്ഥ വില്ലന്മാരെ തുറന്നുകാട്ടുന്ന നായകനാണു പ്രകാശ് രാജെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പരിപാടിയില്‍ പങ്കെടുത്തു പറഞ്ഞു. പ്രകാശ് രാജിനെ ആദരിക്കുന്നതിലൂടെ ഇന്ത്യന്‍ ഭരണഘടനെയും അഭിപ്രായ സ്വാതന്ത്രത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും എം.ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.