ഞായറാഴ്ചകളിൽ തിയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ല: ഹൈക്കോടതി
|വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി രണ്ട് ഞായറാഴ്ചകളിൽ തിയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യം തിയറ്ററുടമകൾ മനസ്സിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ആണ് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജില്ലയിൽ തിയറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ഫിയോക്ക് ആവശ്യപ്പെട്ടു. തിയറ്റര്‍ ഉടമകളുടെ ഹരജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
മാളുകൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകി തിയറ്ററുകൾ അടച്ചിടാൻ നിർദേശിക്കുന്നത് വിവേചനമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. 50 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തിയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. സി കാറ്റഗറിയിലുള്ള തിരുവനന്തപുരത്താണ് തിയറ്ററുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ചത്തേക്ക് ഞായറാഴ്ചകളില്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് അവശ്യ സര്‍വീസിന് മാത്രമാണ് അനുമതി.