'2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണം'; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
|'ആകാശത്തിന് താഴെ' എന്ന ചിത്രത്തിന്‍റെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹരജിക്കാരൻ
കൊച്ചി: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഹരജിയിൽ വാദം കേൾക്കുക. 'ആകാശത്തിന് താഴെ' എന്ന ചിത്രത്തിന്‍റെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹരജിക്കാരൻ.
പുരസ്‌കാര നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളിൽ നിയമവിരുദ്ധമായി ഇടപെട്ടെന്നുമാണ് ഹരജിയിലെ ആരോപണം. ഇതിനു തെളിവുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യമുണ്ട്. സംവിധായകന്‍ വിനയൻ പുറത്തുവിട്ട നേമം പുഷ്പരാജിന്‍റെ ഓഡിയോ സംഭാഷണം ഉള്‍പ്പെടെ തെളിവായി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
'പത്തൊമ്പതാം നൂറ്റാണ്ട്' പോലെയുള്ള ചവറുസിനിമകൾ തിരഞ്ഞെടുത്ത് ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് പറയുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. സിനിമയ്ക്ക് ലഭിച്ച മൂന്ന് അവാർഡുകൾ ഇല്ലാതാക്കാനും രഞ്ജിത്ത് ശ്രമം നടത്തിയെന്നും നേമം പുഷ്പരാജും സംവിധായകൻ വിനയനും തമ്മിലുള്ള ഫോൺ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. അവാർഡുകൾ നൽകാൻ തീരുമാനിച്ച് റൂമിലേക്ക് പോയ ഗൗതം ഘോഷ് അടക്കമുള്ള ജൂറി അംഗങ്ങൾ തിരികെവന്ന് ഒന്നുകൂടി ചർച്ച ചെയ്യാമെന്നു പറഞ്ഞു. ഇത് രഞ്ജിത്തിന്‍റെ ഇടപെടൽമൂലമാണെന്നും നേമം പുഷ്പരാജ് ആരോപിച്ചു.
സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിൽ വിവരങ്ങൾ നേരത്തെ അറിയിച്ചുവെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നു. തുടർച്ചയായി ജൂറി അംഗങ്ങൾ രംഗത്തുവരുമ്പോഴും വിവാദത്തില്‍ പ്രതികരിക്കാൻ രഞ്ജിത്ത് ഇതുവരെ തയാറായിട്ടില്ല.
Summary: The Kerala High Court will consider the petition seeking cancellation of the announcement of the 2022 State Film Awards today