Entertainment
G Suresh Kumar, Kerala Story, കേരള സ്റ്റോറി, ജി സുരേഷ് കുമാര്‍, ഫിലിം ചേംബര്‍, Kerala Film Chamber, Film Chamber
Entertainment

'കേരള സ്റ്റോറി ഇവിടെ നടന്ന കഥ'; പ്രശംസിച്ച് ഫിലിം ചേംബര്‍ പ്രസിഡന്‍റ് ജി സുരേഷ് കുമാര്‍

Web Desk
|
5 May 2023 2:30 PM GMT

ഇവിടെ നിന്ന് എത്രയോ പേര്‍ ജിഹാദിന് സിറിയയില്‍ പോയതിനെ കുറിച്ച് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഇതിനെ എതിര്‍ത്തതെന്ന് മനസ്സിലാകുന്നില്ല. അവരെല്ലാവരും വന്ന് ഇത് കാണണമെന്ന് ജി സുരേഷ് കുമാര്‍

കൊച്ചി: വര്‍ഗീയ ഉള്ളടക്കങ്ങളാല്‍ വിവാദത്തിലായ 'കേരള സ്റ്റോറി' സിനിമയെ പ്രകീര്‍ത്തിച്ചും പ്രശംസിച്ചും നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ. സിനിമ കണ്ടതിന് ശേഷമായിരുന്നു സുരേഷ് കുമാറിന്‍റെ പ്രതികരണം. ചിത്രം ഇവിടെ നടന്ന കഥയാണെന്നും ഇതിലെ യാഥാര്‍ത്ഥ്യം കേരള സമൂഹം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഈ സിനിമയെ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും എതിര്‍ത്തതെന്നും സിനിമക്കെതിരെ സുപ്രിംകോടതിയില്‍ പോയതെന്നും മനസ്സിലാകുന്നില്ലെന്നും സിനിമ മുഴുവന്‍ ഇവിടെ നടന്നിട്ടുള്ള കാര്യങ്ങളാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

'ഇവിടെ നിന്ന് എത്രയോ പേര്‍ ജിഹാദിന് സിറിയയില്‍ പോയതിനെ കുറിച്ച് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഇതിനെ എതിര്‍ത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവരെല്ലാവരും വന്ന് ഇത് കാണണം. നല്ല സിനിമയാണ്. കേരള സമൂഹം മുഴുവന്‍ ഇത് മനസ്സിലാക്കണം. എന്താണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വളരെ വ്യക്തമായ രീതിയില്‍ അതില്‍ കാണിച്ചിട്ടുണ്ട്. വളരെ നല്ല രീതിയില്‍ അത് ചിത്രീകരിച്ചിട്ടുണ്ട്'; സുരേഷ് കുമാര്‍ പറഞ്ഞു.

സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിസ്സമ്മതിച്ച കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ സമീപനത്തിലും സുരേഷ് കുമാര്‍ പ്രതികരണം അറിയിച്ചു. 'പി.എസ് 2', '2018' എന്നീ സിനിമകള്‍ റിലീസായതാണ് 'കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണം കുറയാന്‍ കാരണമെന്നും പ്രദര്‍ശനത്തിന് വിസ്സമ്മതിച്ച തിയറ്ററുക്കാരൊക്കെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഇന്ന് രാത്രി തന്നെ ഒബ്രോണ്‍ മാളിലും ഐനോക്സിലും പ്രദര്‍ശിപ്പിക്കും. പി.വി.ആര്‍ പ്രദര്‍ശനം നിര്‍ത്തി വെച്ചത് കോടതി വിധിക്ക് വേണ്ടി കാത്തിരുന്നതിനാലാകുമെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മതം മാറിയവര്‍ 32,000 എന്നാണ് സിനിമയില്‍ എഴുതി കാണിക്കുന്നത്. അല്ലാതെ സിറിയയില്‍ പോയെന്നല്ല. അതൊന്നും കണ്ട് ആരും പേടിക്കണ്ട, എന്തിനാണ് ഇതിനെ ഭയക്കുന്നത്. കേരള സമൂഹം ഇത് കാണട്ടെ, എന്നിട്ട് ഇവിടെ എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് മനസ്സിലാക്കട്ടെയെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

Similar Posts