Entertainment
Aishwarya Bhaskaran

ഐശ്വര്യ ഭാസ്കരന്‍

Entertainment

കേരളത്തിൽ വരാൻ പേടിയാകുന്നു, സ്ത്രീകൾ സുരക്ഷിതരല്ല; അനുഭവം പങ്കുവച്ച് നടി ഐശ്വര്യ ഭാസ്കരന്‍

Web Desk
|
26 July 2023 9:18 AM GMT

ചെറുപ്പകാലത്ത് ഞാൻ ഓടിക്കളിച്ചു വളർന്ന സ്ഥലമാണ് കേരളം

ചെന്നൈ: കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഒറ്റക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്നും നടി ഐശ്വര്യ ഭാസ്കരന്‍. സീരിയലിന്‍റെ ഷൂട്ടിംഗിനായി കേരളത്തിലെത്തിയപ്പോഴുണ്ടാ അനുഭവം പങ്കുവച്ചുകൊണ്ടാണ് നടിയുടെ വാക്കുകള്‍.നിങ്ങളുടെ കുട്ടികളെ സുരക്ഷിതരായി വളർത്താൻ തമിഴ്നാടാണ് നല്ലതെന്നും ഐശ്വര്യ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഐശ്വര്യയുടെ വാക്കുകൾ

‘‘നിങ്ങളോട് ഒരു കാര്യം പങ്കുവയ്ക്കാൻ വേണ്ടിയാണു ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. ചെറുപ്പകാലത്ത് ഞാൻ ഓടിക്കളിച്ചു വളർന്ന സ്ഥലമാണ് കേരളം. അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ ഞാൻ സ്ഥിരമായി പോകാറുണ്ടായിരുന്നു. പക്ഷേ കുറെ നാളുകൾക്ക് ശേഷം ഞാൻ കേരളത്തിൽ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി വന്നപ്പോൾ കേട്ട വാർത്തകൾ ശരിക്കും ഭയപ്പെടുത്തി. തുടർച്ചയായി ഷൂട്ട് കഴിഞ്ഞ് ഒരു ദിവസം അവധി കിട്ടിയപ്പോൾ ഞാൻ തിരുവനന്തപുരത്ത് അമ്പലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. ഇക്കാര്യം സീരിയൽ ചെയ്യുന്ന കമ്പനിയിൽ അറിയിച്ചപ്പോൾ അവർ പറഞ്ഞത് ഷൂട്ടിങ് ഉള്ളതുകൊണ്ട് കാർ ഒന്നും ഒഴിവില്ല എന്നാണ്. അങ്ങനെ ഞാൻ ഓട്ടോയ്ക്കു പോകാന്‍ തീരുമാനിച്ചു.

രാവിലെ എന്റെ നിത്യ പൂജകൾ കഴിഞ്ഞ് അഞ്ചു മണിക്ക് പോവുകയാണെങ്കിൽ അമ്പലങ്ങൾ സന്ദർശിച്ച് വലിയ ട്രാഫിക് തുടങ്ങുന്നതിനു മുൻപ് തിരിച്ചു വരാൻ കഴിയും. അന്ന് ഹോട്ടലില്‍ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഞാൻ കാര്യം പറഞ്ഞു. ഞാൻ അവിടെ വന്നത് മുതൽ എനിക്ക് സഹായത്തിനായി വരുന്ന ആളാണ് അത്. രാവിലെ ഒരു ഓട്ടോ കിട്ടാൻ സഹായിക്കണം എന്നും പറഞ്ഞു. ഉടൻ തന്നെ അവൻ എന്നോട് പറഞ്ഞു, ‘‘മാഡം സ്വന്തം കാർ അല്ലെങ്കിൽ കമ്പനിയുടെ കാറും ഡ്രൈവറും ഉണ്ടെങ്കിൽ മാത്രമേ പുറത്തു പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകരുത് ഇവിടെ ഒട്ടും സുരക്ഷിതമല്ല’’. ഞാൻ ചോദിച്ചു, ‘‘നീ എന്താണ് പറയുന്നത് ഞാൻ ചെറുപ്പം മുതൽ പോകുന്ന സ്ഥലങ്ങളാണ് ഇതൊക്കെ’’. അപ്പോഴാണ് ഇവിടെ നടന്ന കുറെ കാര്യങ്ങളെക്കുറിച്ച് എന്നോട് അവൻ പറയുന്നത്.

''മാഡം കേരളത്തിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല. കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല’’. എന്നിട്ട് അവൻ എന്നോട് ഭയപ്പെടുത്തുന്ന ചില കഥകൾ പറയുകയായിരുന്നു. സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവം, പൊലീസുകാരനായ ഭർത്താവ് മൂലം പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത്തിനു കാരണമായത്, സ്ത്രീധന പ്രശ്‌നങ്ങൾ മൂലം പെൺകുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യപ്പെടുന്നതും. ഇങ്ങനെയുള്ള കാര്യങ്ങൾ ഞാനും ചാനലുകളിൽ കണ്ടിരുന്നു. ഈ സംഭവങ്ങൾ അങ്ങേയറ്റം ഭയാനകമാണ്. അതുകൊണ്ട് കേരളത്തിൽ എനിക്ക് വിശ്വാസമുള്ള എന്റെ സ്വന്തം ഡ്രൈവർക്കൊപ്പം അല്ലെങ്കിൽ എനിക്ക് സ്വന്തമായി കാറോ വാഹനമോ രണ്ട് അംഗരക്ഷകരോ ഇല്ലെങ്കിൽ കുട്ടിക്കാലം മുതൽ ഞാൻ സന്ദർശിച്ച ഈ ക്ഷേത്രങ്ങളിലൊന്നും എനിക്ക് പോകാൻ കഴിയില്ലെന്ന് അവൻ എന്നോട് പറയുകയായിരുന്നു.

എനിക്ക് തമിഴ്‌നാട്ടിൽ സ്വന്തമായി ഒരു കാർ ഇല്ല, പിന്നെ എന്തിന് കേരളത്തിൽ ഒരു കാർ സ്വന്തമാക്കണം. പണ്ടൊരിക്കൽ ഞാൻ ഷൂട്ടിങ് ആവശ്യമായി തിരുവല്ലയിലായിരിക്കുമ്പോൾ ബസ് സ്റ്റോപ്പിലേക്കുള്ള റോഡിൽ വച്ച് ഒരു ആൺകുട്ടി വന്ന് കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളെ എവിടെ എന്നാണ് ഞാൻ ചോദിക്കുന്നത്. സ്ത്രീകൾക്ക് കേരളത്തിൽ തനിച്ച് യാത്ര ചെയ്യാൻ പറ്റാത്തത് ഭയാനകമാണ്. ഏത് തരത്തിലുള്ള സുരക്ഷയെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്, എല്ലാ സ്ത്രീ സംഘടനകളും എവിടെയാണ്.

ഞാൻ അവനോടു ചോദിച്ചു എന്തുകൊണ്ടാണ് സർക്കാർ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നത്. അവൻ പറഞ്ഞത് അങ്ങനെയൊരു സർക്കാരാണ് ഇപ്പോൾ ഇവിടെ ഭരിക്കുന്നത്. ആളുകൾ വോട്ടു ചെയ്തു വിജയിപ്പിച്ച സർക്കാർ ഇതൊന്നും കാര്യമാക്കുന്നില്ല. എങ്കിൽ പിന്നെ എന്തിനാണ് വോട്ട് ചോദിച്ച് വരുന്നത്. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്. പെണ്‍കുട്ടികൾ സ്കൂൾ കഴിഞ്ഞു തിരിച്ചു വരുന്നത് വരെ ഞങ്ങൾക്ക് പേടിയാണ് മാഡം എന്നാണു ഡ്രൈവർമാർ എന്നോട് പറയുന്നത്. ഇതെല്ലാം കേട്ടിട്ട് എനിക്ക് തന്നെ പേടിയായി. ഞാൻ എന്റെ മകളോട് പറഞ്ഞു, ‘‘എന്റെ ചെറുപ്പകാലത്ത് ഞാൻ വളരെ സുരക്ഷിതയായി യാത്ര ചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോൾ ഇറങ്ങി നടക്കാൻ കഴിയാതായി’’ എന്ന് പറയുന്നതെന്ന്.

ഇത് എന്റെ നാട്ടിൽ ആണെങ്കിൽ വലിയ നടപടികൾ സ്വീകരിച്ചേനെ. കേരളത്തിൽ നിയമസംവിധാനങ്ങൾ ഇക്കാര്യങ്ങളൊന്നും വേണ്ട രീതിയിൽ ശ്രദ്ധിച്ച് നടപടി എടുക്കുന്നില്ല എന്ന് പറയുന്നതു വളരെ മോശമാണ്. ഒരു നാട്ടിൽ നീതി നടപ്പാക്കുകയും നീതി നൽകുകയും ചെയ്യുന്നില്ലെങ്കിൽ പിന്നെ എന്തുകാര്യം. കോവിഡ് വന്നതിനു ശേഷം ഈ വൈറസ് ആളുകളുടെ തലയിൽ ബാധിച്ച് മാനസിക രോഗികൾ ആക്കിയിരിക്കുകയാണോ? സ്ത്രീകൾക്ക് സുരക്ഷ കൊടുക്കാൻ കഴിയാത്ത നിങ്ങൾ വിഡ്ഢികളാണ്. സാക്ഷരത ഏറ്റവും കൂടുതൽ ഉള്ള നാട്ടിൽ സ്കൂൾ മുതൽ സ്ത്രീ സുരക്ഷ പഠിപ്പിച്ചു വേണം കുട്ടികളെ വളർത്താൻ.



ചെറുപ്പക്കാരെ ഇത്തരത്തിൽ അക്രമികളാക്കി വളർത്തുന്ന സിസ്റ്റം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. മാതാപിതാക്കൾ ഇതിനെതിരെ മുന്നോട്ട് വരണം എന്നാണ് എനിക്ക് പറയാനുള്ളത്. കുട്ടികളെ നല്ല നടപ്പ് പഠിപ്പിച്ചു വളർത്താത്ത സ്കൂളുകളിൽ കുട്ടികളെ വിടില്ല എന്ന് മാതാപിതാക്കൾ തീരുമാനമെടുക്കണം. കുട്ടികളെ തമിഴ്‌നാട്ടിലേക്ക് വിടൂ ഞങ്ങൾ അവരെ നല്ലത് പറഞ്ഞുകൊടുത്ത് വളർത്താം. ഞങ്ങൾ എല്ലാവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ആളുകളാണ്. നിങ്ങളുടെ കുട്ടികളെ സുരക്ഷിതരായി വളർത്താൻ തമിഴ്നാടാണ് നല്ലത്. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ ഇതാണെങ്കിൽ ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്തേ മതിയാകൂ. ആരെയും മുറിവേൽപ്പിക്കാനോ മോശക്കാരാക്കാനോ അല്ല ഞാൻ ഇങ്ങനെയൊരു വീഡിയോ ചെയ്തത്. ആക്രമണത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം. നീതിയും ന്യായവും കേരളത്തിൽ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നാണ്.’’–ഐശ്വര്യ തന്‍റെ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

Related Tags :
Similar Posts