കെ.ജി.എഫ് സംഗീത സംവിധായകന്‍ മലയാളത്തിൽ; ഉണ്ണി മുകുന്ദന്റെ 'മാർക്കോ'യ്ക്ക് പാട്ടൊരുക്കും
|ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന പുതിയ ചിത്രമാണ് 'മാർക്കോ'.
കെ.ജി.എഫ് ഉൾപ്പെടെ നിരവധി കന്നട പടങ്ങൾക്കുവേണ്ടി സംഗീത സംവിധാനം നിർവഹിച്ച രവി ബസ്രുർ മലയാളത്തിലേക്ക്. ഉണ്ണി മുകുന്ദൻ ചിത്രം 'മാര്‍ക്കോ'ക്കുവേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തും. രവി ബസ്രുർ തന്നെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി ഇക്കാര്യമറിയിച്ചത്.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന പുതിയ ചിത്രമാണ് 'മാർക്കോ'. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സും യു.എഫ്.എം പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നിർമാണം. ഷരീഫ് മുഹമ്മദ്, അബ്ദുൽ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
ഉഗ്രാം എന്ന ചിത്രത്തിലൂടെയാണ് രവി ബസ്രുർ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കന്നട സിനിമയിൽ സൗണ്ട് ഡിസൈനർ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ മേഖലയിൽ പ്രവർത്തിച്ചുവരുന്ന രവി ബസ്രുർ പ്രശാന്ത് നീലിന്റെ കെ.ജി.എഫ് ഒന്നും രണ്ടും ചാപ്റ്ററുകളോടുകൂടിയാണ് ലോക സിനിമാപ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. 'മാർക്കോ' ഈ വര്‍ഷം തന്നെ തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തുമെന്നാണ് സൂചന. മാർക്ക്റ്റിങ്: വിപിന്‍ കുമാർ, ഡിജിറ്റൽ മാർക്കറ്റിംങ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യുറ എന്റെര്‍ടൈൻമെന്റ്