Entertainment
Khushbu wishes Sundar on their wedding anniversary, latest malayalam news, breaking news, നിങ്ങളെ ലഭിച്ചത് അനുഗ്രഹം; വിവാഹ വാർഷികത്തിൽ സുന്ദറിന് ആശംസയുമായി ഖുശ്ബു, മലയാള വാർത്തകള്‍, ബ്രേക്കിംങ് ന്യൂസ്

സുന്ദർ, ഖുശ്ബു

Entertainment

'നിങ്ങളെ ലഭിച്ചത് അനുഗ്രഹം'; വിവാഹ വാർഷികത്തിൽ സുന്ദറിന് ആശംസയുമായി ഖുശ്ബു

Web Desk
|
10 March 2023 5:38 AM GMT

''സ്‌നേഹിക്കുക, വഴക്കിടുക, ശാസിക്കുക, എല്ലാത്തിനും ഉപരിയായി എന്നെ മനസ്സിലാക്കുക''

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ചലച്ചിത്ര താരവും ബി.ജെ.പി നേതാവ് കൂടിയായ ഖുശ്ബു. ഏതാനും മലയാള ചിത്രങ്ങളുടെയും ഭാഗമായ താരത്തിന് നിരവധി മലയാളി ആരാധകരുമുണ്ട്. താരം പങ്കുവയ്ക്കുന്ന രാഷ്ട്രീയ അഭിപ്രായങ്ങളെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്താറുണ്ട്. ഇപ്പോൾ വിവാഹ വാർഷികത്തിൽ ഭർത്താവും സംവിധായകനുമായ സുന്ദറിന് ആശംസകൾ നേർന്ന് ഖുശ്ബു പങ്കുവെച്ച കുറിപ്പ് ശ്രദ്ധയാകർഷിക്കുകയാണ്.

''ഒപ്പമുള്ള യാത്ര തുടരുന്നു! ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ നാലു ചിത്രങ്ങളിൽ. അന്നുമുതൽ ഇന്നുവരെ ഒരുമാറ്റവും വന്നിട്ടില്ല. എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിന് നന്ദി. സ്‌നേഹിക്കുക, വഴക്കിടുക, ശാസിക്കുക, എല്ലാത്തിനും ഉപരിയായി എന്നെ മനസ്സിലാക്കുക, എന്നെ സ്‌നേഹിക്കുക. ഞാൻ എന്താണോ അതിനെ നിങ്ങൾ അംഗീകരിക്കുന്നു. നിങ്ങളെ വിവാഹം ചെയ്തത് അനുഗ്രഹമായി കാണുന്നു. 23 വർഷങ്ങൾ, പ്രിയപ്പെട്ട ഭർത്താവിന് ആശംസകൾ''- ഖുശ്ബു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


അടുത്തിടെ കുട്ടിക്കാലത്ത് സ്വന്തം അച്ഛനിൽ നിന്നും ലൈംഗിക അതിക്രമമുണ്ടായതിനെക്കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. നിരവധി പേർ നടിക്ക് പിന്തുണയുമായി എത്തിയപ്പോൾ മറ്റു ചിലർ എതിരഭിപ്രായങ്ങളുമായും എത്തിയിരുന്നു. എന്നാൽ പിതാവിൽ നിന്നേറ്റ പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞതിൽ തനിക്ക് ലജ്ജ തോന്നേണ്ട കാര്യമില്ലെന്ന് നടി പറഞ്ഞു.

''ഞാൻ ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല. വളരെ സത്യസന്ധമായിട്ടാണ് ഞാനത് പറഞ്ഞത്. ഞാൻ പറഞ്ഞതിൽ എനിക്ക് ലജ്ജയില്ല, കാരണം അതെനിക്ക് സംഭവിച്ചു. കുറ്റവാളി താൻ ചെയ്തതിനെക്കുറിച്ചോർത്ത് ലജ്ജിക്കണമെന്ന് ഞാൻ കരുതുന്നു.'' എട്ടാം വയസിൽ പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട എ.എൻ.ഐയുടെ ചോദ്യത്തോടായിരുന്നു താരത്തിൻറെ പ്രതികരണം. തൻറെ വെളിപ്പെടുത്തലിലൂടെ സ്ത്രീകൾക്ക് സംഭവിച്ചത് തുറന്നുപറയണമെന്നാണ് തന്റെ ആഗ്രഹമെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

'നിങ്ങൾ ശക്തരായിരിക്കുകയും നിങ്ങളുടെ നിയന്ത്രണം നിങ്ങൾ ഏറ്റെടുക്കുകയും ചെയ്യണം. നിങ്ങളെ തളർത്താനോ ഇത് പാതയുടെ അവസാനമാണെന്ന് കരുതാനോ അനുവദിക്കരുത്. ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇത്രയും വർഷമെടുത്തുവെങ്കിൽ, സ്ത്രീകൾ ഇതിനെക്കുറിച്ച് സംസാരിക്കണമെന്നും എനിക്ക് ഇത് സംഭവിച്ചു എന്ന് അവരോട് പറയണമെന്നും ഞാൻ കരുതുന്നു, എന്തായാലും ഞാൻ എൻറെ യാത്ര തുടരും'' ഖുശ്ബു വ്യക്തമാക്കി.

മോജോ സ്റ്റോറിക്കു വേണ്ടി പ്രശസ്ത മാധ്യമപ്രവർത്തക ബർഖ ദത്തുമായുള്ള സംഭാഷണത്തിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.''ആൺകുട്ടിയായാലും പെൺകുട്ടിയായാലും അവർ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ അത് ജീവിതകാലം മുഴുവൻ അവരെ മുറിവേൽപ്പിക്കുന്നു. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു എന്റെ അച്ഛൻ. എട്ടാം വയസു മുതൽ അച്ഛൻ എന്നെ ഉപദ്രവിച്ചു തുടങ്ങി. 15 വയസായപ്പോഴാണ് അയാൾക്കെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്. മറ്റു കുടുബാംഗങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന അവസ്ഥ വന്നപ്പോഴാണ് ഞാനൊരു നിലപാട് എടുത്തത്. അതുവരെ എന്റെ വാ അടഞ്ഞുതന്നെയിരുന്നു.

ഭർത്താവിനെ ദൈവമായി കാണണം എന്ന ചിന്താഗതിയുള്ള എന്റെ അമ്മ എന്നെ വിശ്വസിച്ചേക്കില്ല എന്ന ഭയം ഉള്ളിലുണ്ടായിരുന്നു. പക്ഷെ പതിനഞ്ചാം വയസിൽ ഞാൻ അച്ഛനെതിരെ പൊരുതിത്തുടങ്ങി. എനിക്ക് 16 വയസുള്ളപ്പോൾ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു. എന്തു ചെയ്യുമെന്ന അവസ്ഥയിലായിരുന്നു ഞങ്ങൾ. ബാല്യകാലം കഠിനമായിരുന്നെങ്കിലും പോരാടാനുള്ള ധൈര്യം തനിക്ക് ലഭിച്ചുവെന്നുവാണ് ഖുശ്ബു പറഞ്ഞത്.

Similar Posts