കിങ് ഓഫ് കൊത്തക്ക് കിട്ടിയ ഹൈപ്പ് കണ്ട് ഭയപ്പെട്ടു, എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല- ദുൽഖർ സൽമാൻ
|"ഓരോ ദിവസം കഴിയുന്തോറും ചിത്രത്തിന്റെ പിന്നണിയിലെ പ്രവർത്തനങ്ങളെല്ലാം മികച്ചതാക്കാനുള്ള ശ്രമം നടത്തി"
കൊച്ചി: തന്റെ ഏറ്റവും പുതിയ ചിത്രമായ കിങ് ഓഫ് കൊത്തക്ക് ലഭിക്കുന്ന ഹൈപ്പ് പേടിപ്പെടുത്തുന്നതെന്ന് നടൻ ദുൽഖർ സൽമാൻ. ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റർ റിലീസായതുമുതൽ ഉണ്ടായ ഹൈപ്പ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്ന ആരും പ്രതീക്ഷിച്ചതല്ലെന്നാണ് താരം പറയുന്നത്. റിലീസിന് മുമ്പായി കൊച്ചിയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ദുൽഖർ.
"കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിങ് ഓഫ് കൊത്ത. കരിയറിലെ ഒരു വർഷത്തോളം ഈ സിനിമക്ക് വേണ്ടി മാത്രം പ്രവർത്തിക്കുകയായിരുന്നു. ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്ന ഹൈപ്പ് കണ്ട് ഭയപ്പെട്ടിരുന്നു. ഒരിക്കലും ഇത്തരമൊരു ഹൈപ്പ് നമുക്ക് പ്ലാൻ ചെയ്യാൻ പറ്റില്ല. ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റർ റിലീസ് ആയതുമുതൽ ഉണ്ടായ ഹൈപ്പ് വലുതായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല" ദുൽഖർ പറയുന്നു.
ഓരോ ദിവസം കഴിയുന്തോറും ചിത്രത്തിന്റെ പിന്നണിയിലെ പ്രവർത്തനങ്ങളെല്ലാം മികച്ചതാക്കാനുള്ള ശ്രമം നടത്തി. ഏറ്റവും നല്ല കൊറിയോഗ്രാഫറേയും ഫൈറ്റ് മാസ്റ്റേഴ്സിനെയും സമീപിച്ചു. ബോംബെ, ഹൈദരാബാദ്, ചെന്നൈ തുടങ്ങി കേരളത്തിന് പുറത്ത് എവിടെ പ്രൊമോഷന് ചെന്നപ്പോഴും അവിടെയുള്ള മീഡിയക്ക് ചിത്രത്തെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു. അവർ കാത്തിരിക്കുന്ന സിനിമയാണെന്ന് പറയുന്നു. അത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
പാൻ ഇന്ത്യൻ റിലീസായ ചിത്രം ആഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തും. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. പ്രീ ബുക്കിങ്ങിൽ തന്നെ കോടികളുടെ നേട്ടമാണ് ചിത്രം നേടിയത്.