'അങ്ങനെ കിട്ടുന്ന അവസരം വേണ്ടെന്ന് വെച്ച് ഇറങ്ങിപ്പോന്നു': കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി നടി
|'ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പോയതായിരുന്നു. അമ്മയും ഒപ്പമുണ്ടായിരുന്നു'
ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി നടി. സിനിമയില്‍ അവസരം കിട്ടണമെങ്കില്‍ നായകനൊപ്പം കിടക്കണമെന്ന് ഒരു പ്രമുഖനായ നിര്‍മാതാവ് ആവശ്യപ്പെട്ടെന്നാണ് നടി കിഷ്വെര്‍ മര്‍ച്ചന്റിന്റെ വെളിപ്പെടുത്തല്‍. അങ്ങനെ കിട്ടുന്ന അവസരം വേണ്ടെന്ന് വെച്ച് ഇറങ്ങിപ്പോന്നുവെന്നും നടി പറഞ്ഞു. ഇ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് കിഷ്വെര്‍ മര്‍ച്ചന്റ് ഇക്കാര്യം പറഞ്ഞത്.
ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പോയതായിരുന്നു താന്‍. അമ്മയും ഒപ്പമുണ്ടായിരുന്നു. അപ്പോഴാണ് നിര്‍മാതാവ് ഇങ്ങനെയൊരു കാര്യം പറഞ്ഞത്. ആദ്യം ഞെട്ടിപ്പോയി. വിനയത്തോടെ അവസരം വേണ്ടെന്നു പറഞ്ഞ് തിരിച്ചുപോന്നു. ഇത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണെന്നോ സാധാരണ സംഭവമാണെന്നോ അല്ല പറയുന്നത്. ഇത്തരം സംഭവങ്ങളുടെ കാര്യത്തില്‍ കുപ്രസിദ്ധമാണ് സിനിമാ മേഖല. ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് വഴങ്ങുന്നവരുണ്ട്. എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ടെന്നും കിഷ്വെര്‍ മര്‍ച്ചന്റ് പറഞ്ഞു.
താന്‍ പരാമര്‍ശിച്ച നിര്‍മാതാവും നടനും പ്രമുഖരാണ്. അവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും കിഷ്വെര്‍ മര്‍ച്ചന്റ് പറഞ്ഞു. കാസ്റ്റിംഗ് കൌച്ച് ദുരനുഭവം കരിയറിനെ ബാധിച്ചിട്ടില്ല. ഈ സംഭവത്തോടെ സിനിമ ഒഴിവാക്കി മിനിസ്ക്രീനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചന്നും കിഷ്വെര്‍ മര്‍ച്ചന്റ് വിശദമാക്കി. ദേശ് മേം നികല്ല ഹോഗ ചന്ദ്, കാവ്യാഞ്ജലി, ഏക് ഹസീന ഥീ തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയയാണ് കിഷ്വെര്‍.