Entertainment
KK Rama MLA,actor bhavana, KK Rama MLA  congratulate actor bhavana, KK Rama about bhavana,Ntikkakkakkoru Premondarnn,; ഭാവനയ്ക്ക് അഭിനന്ദനവുമായി കെ.കെ രമ

കെ.കെ രമ,ഭാവന

Entertainment

'ഇത് വെറുമൊരു സിനിമാ റിലീസല്ല, വെറുമൊരു തിരിച്ചുവരവല്ല'; ഭാവനയ്ക്ക് അഭിനന്ദനവുമായി കെ.കെ രമ

Web Desk
|
21 Feb 2023 7:38 AM GMT

എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ നിശ്ചയദാർഢ്യത്തിന്റെ വിളംബരം കൂടിയാണിതെന്നും ഫേസ്ബുക്ക് പോസ്റ്റ്

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് അഭിനന്ദനവുമായി കെ.കെ രമ എംഎൽഎ. വെറുമൊരു റിലീസല്ല, എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ വിളംബരം കൂടിയാണെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു.

മാനസികവും ശാരീരികവുമായ ആഘാതങ്ങൾ അതിജീവിച്ചു വരികയാണെന്ന് ഒരു സ്ത്രീ തുറന്നു പറയുമ്പോൾ അത് അനേകായിരങ്ങൾക്ക് ആശ്വാസം പകർന്നു നൽകുന്ന മാതൃകാ നിലപാടാണ്. സിനിമാ മേഖലയിൽ ഉണ്ടായേക്കാവുന്ന ഒറ്റപ്പെടുത്തലും മറ്റ് വെല്ലുവിളികളും ഭയക്കാതെ ഭാവനയ്ക്കൊപ്പം പ്രവർത്തിക്കാനൊരുങ്ങിയ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന സിനിമയുടെ അണിയറ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നുവെന്നും കുറിപ്പിലൂടെ എംഎൽഎ പറഞ്ഞു.

' ആക്രമണത്തിനിരയായപ്പോൾ രാത്രി സഞ്ചാരവും ഈ കരിയർ തെരഞ്ഞെടുത്തതുമൊക്കെ കുറ്റകൃത്യമാക്കി അവതരിപ്പിച്ചത് സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത ആൾക്കൂട്ടം മാത്രമായിരുന്നില്ല. തലേന്നാൾ വരെ അവർക്കൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകരുടെ പോലും ഭാഗത്ത് നിന്നുള്ള ഒറ്റപ്പെടുത്തലുകളും അതിജീവിച്ചാണ് ഭാവന ഇവിടം വരെ എത്തിയതെന്നും' രമ കൂട്ടിച്ചേർത്തു. സിനിമയ്ക്കും ഭാവനയ്ക്കും സ്നേഹാഭിവാദ്യങ്ങൾ അറിയിച്ചുകൊണ്ടാണ് കെ കെ രമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ഫെബ്രുവരി 24 നാണ് തിയേറ്ററുകളിലെത്തുന്നത്. ലണ്ടൻ ടാക്കീസ്, ബോൺ ഹോമി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ രാജേഷ് കൃഷ്ണ റെനീഷ് അബ്ദുൾ ഖാദർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ സംവിധായകൻ.

കെ.കെ രമ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിൽ പുതിയൊരു സിനിമയുമായി തിരികെ വരികയാണ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന സിനിമയുടെ റിലീസ് വെറുമൊരു സിനിമാ റിലീസല്ല. ഭാവനയുടേത് വെറുമൊരു തിരിച്ചുവരവുമല്ല. എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ വിളംബരം കൂടിയാണ്.

ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായി നിശ്ശബ്ദം ഇരുട്ടിൽ കഴിയേണ്ടിവരുന്ന ആയിരക്കണക്കായ സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ. നമ്മുടെ സദാചാര സങ്കല്പങ്ങളനുസരിച്ച് 'കളങ്കിതകൾ ' എന്ന പ്രതിച്ഛായ അടിച്ചേല്പിച്ച് ഒറ്റപ്പെടുത്തുന്നതിനാലാണ് അവർക്ക് ഇരകളായി തുടരേണ്ടി വരുന്നത്. മറ്റ് ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇരകളാക്കപ്പെടുന്നവരുടെ ഈ ഒളിവു ജീവിതം പ്രതികൾക്ക് വലിയ സാദ്ധ്യതകൾ തുറന്നിടുന്നുണ്ട്. ലൈംഗികാതിക്രമങ്ങൾ അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ യാതനകളെ ഈ ഒളിച്ചിരിക്കൽ വല്ലാതെ വർദ്ധിപ്പിക്കും.

ഇരയെന്ന നിലയിൽ നിന്നും അതിജീവിത എന്ന മനോനിലയിലേക്ക് അവരെ കൈ പിടിച്ചു നടത്തിയാലെ, പിൽക്കാല ജീവിതം സ്വാഭാവിക നിലയിൽ അവർക്ക് മുന്നോട്ട് നയിക്കാനാവൂ.

അതുകൊണ്ട് താൻ ലൈംഗികാതിക്രമം നേരിട്ടു എന്നും ഇപ്പോൾ അതിന്റെ മാനസിക/ ശാരീരിക ആഘാതങ്ങൾ അതിജീവിച്ചു വരികയാണെന്നും ഒരു സ്ത്രീ തുറന്നു പറയുമ്പോൾ അത് മേല്പറഞ്ഞ അനേകയിരങ്ങൾക്ക് ആശ്വാസം പകർന്നു നൽകുന്ന മാതൃകാ നിലപാടാണ്. സുപ്രസിദ്ധ മാദ്ധ്യമ പ്രവർത്തക ബർഖ ദത്ത് കഴിഞ്ഞ വനിതാദിനത്തിൽ ചലച്ചിത്ര നടി ഭാവനയുമായി നടത്തിയ ഓൺലൈൻ ഭാഷണം അതുകൊണ്ട് തന്നെയാണ് ചരിത്രമായത്.എല്ലാം തീർന്നുവെന്ന് കരുതിയ ഇടത്തു നിന്നും ഘട്ടം ഘട്ടമായി എങ്ങനെ ഈ നിലയിലും നിലപാടിലുമെത്തി എന്ന് ഭാവന അതിൽ വിശദീകരിക്കുന്നുണ്ട്.

രാത്രി സഞ്ചാരവും ഈ കരിയർ തെരഞ്ഞെടുത്തതുമൊക്കെ കുറ്റകൃത്യമാക്കി അവതരിപ്പിച്ചത് സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത ആൾക്കൂട്ടം മാത്രമായിരുന്നില്ല. തലേന്നാൾ വരെ തനിക്കൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകരുടെ പോലും ഭാഗത്ത് നിന്നുള്ള ഒറ്റപ്പെടുത്തലുകളും അതിജീവിച്ചാണ് ഭാവന ഇവിടം വരെ എത്തിയത്.

സിനിമാമേഖലയിൽ ഉണ്ടായേക്കാവുന്ന ഒറ്റപ്പെടുത്തലും മറ്റ് വെല്ലുവിളികളും ഭയക്കാതെ ഭാവനയ്ക്കൊപ്പം പ്രവർത്തിക്കാനൊരുങ്ങിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയുടെ അണിയറ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു.

സിനിമയ്ക്കും ഭാവനയ്ക്കും

സ്നേഹാഭിവാദ്യങ്ങൾ .


Similar Posts