"ഓരോ തവണ ആളുകൾ തിരിച്ചറിയുമ്പോഴും വീട്ടിലേക്ക് ഓടിവരാൻ അച്ഛൻ ആഗ്രഹിച്ചിരുന്നു": കെകെയെക്കുറിച്ച് മകൻ
|"തന്നെ ശബ്ദത്തിലൂടെ മാത്രം ആളുകൾ തിരിച്ചറിഞ്ഞാൽ മതി മുഖം കാണിക്കേണ്ട ആവശ്യമില്ല എന്നതായിരുന്നു അച്ഛന്റെ നിലപാട്"
ഇന്ത്യയൊട്ടാകെയുള്ള ആരാധകരെ ഞെട്ടിച്ച് അകാലത്തിൽ മരണമടഞ്ഞ സംഗീതപ്രതിഭയായിരുന്നു കെകെ എന്ന കൃഷ്ണകുമാർ. ഹൃദയം തൊടുന്ന നിരവധി പാട്ടുകളിലൂടെ സെൻസേഷനായി മാറിയ കെകെ പക്ഷേ ആരാധകർ ധാരാളമായി തന്നെ തിരിച്ചറിയുന്നത് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് മകൻ നകുലിന്റെ വെളിപ്പെടുത്തൽ.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നകുൽ അച്ഛനെക്കുറിച്ച് വാചാലനായത്. "ഒരുപാടാളുകൾ തന്നെ തിരിച്ചറിഞ്ഞ് എത്തുന്നത് അച്ഛൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഷോപ്പിംഗ് മാളിലോ മറ്റോ പോകുമ്പോൾ ആളുകൾ തിരിച്ചറിഞ്ഞാൽ എപ്പോഴും വീട്ടിലേക്കോടാനായിരിക്കും അച്ഛൻ ആഗ്രഹിക്കുക. ആളുകൾ കൂടി നിന്ന് ഫോട്ടോ എടുക്കുന്നതും പരിചയപ്പെടുന്നതുമൊന്നും അച്ഛനത്ര ഇഷ്ടമുണ്ടായിരുന്നില്ല. തന്നെ ശബ്ദത്തിലൂടെ മാത്രം ആളുകൾ തിരിച്ചറിഞ്ഞാൽ മതി മുഖം കാണിക്കേണ്ട ആവശ്യമില്ല എന്നതായിരുന്നു അച്ഛന്റെ നിലപാട്". നകുൽ പറഞ്ഞു.
സംഗീതപരിപാടികൾക്ക് ശേഷം കാറിലിരിക്കുമ്പോൾ ആളുകൾ കൂടാതിരിക്കാൻ കാറിനടുത്തേക്ക് ഓടിയെത്തുന്ന അച്ഛനെ കെകെയുടെ മകൾ താമരയും ഓർമിച്ചു. അച്ഛൻ വീട്ടിലുള്ളപ്പോൾ തങ്ങൾ മാതാപിതാക്കളുടെ മുറിയിൽ ദിവസം മുഴുവൻ കഴിച്ചുകൂട്ടുന്നതിനെ പറ്റിയും കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമകളെപ്പറ്റിയുമെല്ലാം ഇരുവരും വാചാലരായി.
ഹൃദയസ്തംഭനത്തെ തുടർന്ന് ഈ വർഷം മേയിലാണ് കെകെ അന്തരിക്കുന്നത്. കൊൽക്കത്തയിൽ സംഗീതപരിപാടിയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.