'ജാസി ഗിഫ്റ്റിന് ഒറ്റയ്ക്ക് പാടാനുള്ള അനുമതിയാണു നൽകിയത്; അധിക്ഷേപചിന്തയില്ല'; കോളജ് ഡേ വിവാദത്തിൽ പ്രിൻസിപ്പൽ
|ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ എനിക്കെതിരെയായിരിക്കും കേസ് വരികയെന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് പ്രിൻസിപ്പൽ ബിനുജ മീഡിയവണിനോട് പറഞ്ഞു
കൊച്ചി: കോളജ് ഡേയ്ക്ക് ഉദ്ഘാടകനായെത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് പ്രിൻസിപ്പൽ ബിനുജ. സർക്കാർ ഉത്തരവ് പാലിക്കണമെന്ന നിർദേശം മാത്രമാണ് താൻ നൽകിയത്. പരിപാടിയുടെ ഭാഗമായി നേരത്തെ എടുത്ത തീരുമാനം ലംഘിക്കുന്നത് കണ്ടാണ് ഇടപെട്ടതെന്നും പ്രിൻസിപ്പൽ മീഡിയവണിനോട് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നേരത്തെ കുട്ടികളുമായി ചർച്ച ചെയ്ത് ചില തീരുമാനങ്ങൾ എടുത്തിരുന്നു. ആ തീരുമാനം ലംഘിക്കുന്നതു കണ്ടാണ് ഇടപെട്ടത്. കുട്ടികളാണ് ഗസ്റ്റിനെ വിളിച്ചത്. പരിപാടിയുടെ ഭാഗമായുള്ള നിയമവശങ്ങൾ ജാസി ഗിഫ്റ്റിന് അറിയില്ലായിരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
2015ൽ സി.ഇ.ടിയിൽ ഒരു അപകടത്തെ തുടർന്ന് ഇറക്കിയ ഉത്തരവിൽ കാംപസുകളിൽ കുട്ടികളുടെ പരിപാടി അല്ലാതെ പുറത്തുനിന്നുള്ള പരിപാടികൾ പാടില്ലെന്ന് ഉത്തരവുണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. സംഗീത പരിപാടികളോ ഡി.ജെ പരിപാടികളോ ഒന്നും പാടില്ല. കുസാറ്റ് അപകടത്തിനുശേഷം പൊലീസ് ഒന്നുകൂടി ജാഗ്രത പാലിക്കുന്നുണ്ട്. കോളജ് ഡേയ്ക്ക് ജാസി ഗിഫ്റ്റ് ആണ് വരുന്നതെന്നു പറഞ്ഞപ്പോൾ ഉദ്ഘാടനത്തോടൊപ്പം പാടാൻ മാത്രമേ പറ്റൂവെന്നു പറഞ്ഞിരുന്നു. കൂടെ ആരും പാടാൻ പാടില്ലെന്നും അതു പുറത്തുനിന്നുള്ള പരിപാടി ആകുമെന്നും കുട്ടികൾക്കു നിർദേശം നൽകിയിരുന്നു.
''ഉദ്ഘാടനം കഴിഞ്ഞ് അദ്ദേഹം പാടാൻ തുടങ്ങി. ആദ്യം ജാസി ഗിഫ്റ്റ് പാടി. അതിനുശേഷം മറ്റൊരാൾകൂടി അദ്ദേഹത്തോടപ്പം പാടാൻ തുടങ്ങി. ഡാൻസ് ഒക്കെയുണ്ടായിരുന്നു. ഇതോടെ എനിക്ക് ടെൻഷനായി. അവിടെ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. എനിക്കും മാനേജർക്കുമെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞിരുന്നു. അടുത്ത പാട്ട് പാടുന്നതിനുമുൻപ് മൈക്ക് തിരിച്ചുചോദിക്കുകയായിരുന്നു. അദ്ദേഹം തരികയും ചെയ്തു. മൈക്ക് തട്ടിപ്പറിച്ചിട്ടില്ല.''
ജാസി ഗിഫ്റ്റ് മാത്രം പാടുകയാണെങ്കിൽ തുടരാമെന്ന് അവിടെ തന്നെ പറഞ്ഞിരുന്നു. എന്നാൽ, രണ്ടുപേർ ചേർന്നാണ് പ്രാക്ടീസ് ചെയ്തതെന്നും അല്ലാതെ പാടാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. നിയമത്തെക്കുറിച്ച് പല പ്രാവശ്യം വിദ്യാർഥികളോട് ആവർത്തിച്ചു പറഞ്ഞിരുന്നു. ഇപ്പോള്‍ കുട്ടികളുടെ ഇത്തരത്തിലുള്ള ഏതു പരിപാടിയും അവസാനിക്കുന്നത് അടിയിലാണ്. എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വേറെ രീതിയിലായിരിക്കും വ്യാഖ്യാനിക്കപ്പെടുക. അനിഷ്ട സംഭവങ്ങളുണ്ടായാൽ എനിക്കെതിരെയായിരിക്കും കേസ് വരിക. ജാസി ഗിഫ്റ്റിനെ തടഞ്ഞതിൽ മതപരമോ ജാതീയമോ ആയ അധിക്ഷേപ ചിന്തയൊന്നും തനിക്കില്ലെന്നും ബിനുജ കൂട്ടിച്ചേർത്തു.
Summary: Binuja, principal of St. Peter's College, Kolenchery, told MediaOne that she did not abuse singer Jassie Gift, who was the inaugurating College Day.