കങ്കണാജീ വരൂ, ഇത് നിങ്ങളുടെ സ്വന്തം വീട്: കൂ ആപ്പ്
|'നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അഭിമാനത്തോടെ എല്ലാവരുമായി പങ്കുവെയ്ക്കാം'
ട്വിറ്റര്‍ പൂട്ടിയ നടി കങ്കണ റണാവത്തിനെ സ്വാഗതം ചെയ്ത കൂ ആപ്പ്. വിദ്വേഷ ട്വീറ്റുകളെ തുടര്‍ന്നാണ് കങ്കണയുടെ അക്കൌണ്ട് ട്വിറ്റര്‍ നീക്കം ചെയ്തത്. കങ്കണയെ ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ് കൂ ആപ്പ്.
"കങ്കണാജീ, ഇത് നിങ്ങളുടെ വീടാണ്, നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അഭിമാനത്തോടെ എല്ലാവരുമായി പങ്കുവെയ്ക്കാം" എന്നാണ് കൂ ആപ്പിന്റെ സ്ഥാപകരില്‍ ഒരാളായ മായങ്ക് ബിദ്വാട്ക വ്യക്തമാക്കിയത്.
ട്വിറ്ററിന്‍റെ സമയം അവസാനിച്ചെന്ന് ഫെബ്രുവരിയില്‍ കങ്കണ പറഞ്ഞിരുന്നു. കൂ തന്‍റെ വീടാണ്. മറ്റെല്ലാം വാടക വീടാണെന്നും കങ്കണ പറയുകയുണ്ടായി. കങ്കണ ആദ്യമായി കൂ ആപ്പില്‍ പങ്കുവച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കൂവിന്റെ സഹസ്ഥാപകനായ അപ്രമേയ രാധാകൃഷ്ണന്‍ പങ്കുവെച്ചു-
'എനിക്ക് ഈ സ്ഥലം പുതിയതാണ്, ശീലമായി വരണം. പക്ഷെ വാടക വീട് എപ്പോഴും വാടക വീട് തന്നെയാണ്, സ്വന്തം വീട് എന്ത് തന്നെയായാലും സ്വന്തം വീട് തന്നെയും' എന്നും കങ്കണ വ്യക്തമാക്കുകയുണ്ടായി.
കങ്കണ ട്വിറ്ററിന്റെ നിയമാവലികൾ തെറ്റിച്ചുകൊണ്ട് തുടരെ ട്വീറ്റുകൾ ചെയ്ത സാഹചര്യത്തിലാണ് ട്വിറ്റർ ഇങ്ങനെയൊരു തീരുമാനവുമായി എത്തിയത്. ബാംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റുകള്‍ പങ്കുവച്ചതിന് പിന്നാലെയാണ് താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ട്വിറ്റർ അക്കൗണ്ട് പൂട്ടിയെങ്കിലും ഇൻസ്റ്റഗ്രാമിലൂടെ നടി തന്റെ പ്രതിഷേധവുമായെത്തി.