Entertainment
ലളിത പോയി...പക്ഷെ മതിലുകള്‍ക്കപ്പുറത്ത് ഇപ്പോഴും നാരായണിയുണ്ട്...
Entertainment

ലളിത പോയി...പക്ഷെ മതിലുകള്‍ക്കപ്പുറത്ത് ഇപ്പോഴും നാരായണിയുണ്ട്...

Web Desk
|
23 Feb 2022 2:44 AM GMT

നാരായണി എന്നു പേരു കേള്‍ക്കുമ്പോള്‍ ബഷീറിന്‍റെ നാരായണിയെ അല്ലാതെ മറ്റാരെയാണ് മലയാളിക്ക് ഓര്‍മ വരിക

നാരായണി : "ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ?"

ബഷീര്‍ : "പ്രിയപ്പെട്ട നാരായണീ, മരണത്തെ പറ്റി ഒന്നും പറയുക സാധ്യമല്ല, ആരെപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരനു മാത്രമേ അറിയൂ."

(ഒന്നാലോചിച്ചിട്ട്)...

"ഞാനായിരിക്കും ആദ്യം മരിക്കുന്നത്.."

നാരായണി : "അല്ല..ഞാനായിരിക്കും,

എന്നെ ഓര്‍ക്കുമോ?"

ബഷീര്‍ : "ഓര്‍ക്കും.!!!"

നാരായണി : "എങ്ങനെ..?!..

എന്‍റെ ദൈവമേ, അങ്ങെന്നെ എങ്ങനെ ഓര്‍ക്കും? അങ്ങെന്നെ കണ്ടിട്ടില്ല..തൊട്ടിട്ടില്ല..എങ്ങനെ ഓര്‍ക്കും?!"

ബഷീര്‍ : "നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്."

നാരായണി : "ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?"

ബഷീര്‍ : "നാരായണീ, മുഖസ്തുതിയല്ല, പരമസത്യം..മതിലുകള്‍!!! മതിലുകള്‍!!!

നോക്കൂ....ഈ മതിലുകള്‍ ലോകം മുഴുവനും ചുറ്റി പോകുന്നു..!!! "

നാരായണി : "ഞാനൊന്നു പൊട്ടിക്കരയട്ടെ?"

ബഷീര്‍ : "ഇപ്പോള്‍ വേണ്ട. ഓര്‍ത്ത് രാത്രി കരഞ്ഞോളൂ..!!!"


നാരായണി എന്നു പേരു കേള്‍ക്കുമ്പോള്‍ ബഷീറിന്‍റെ നാരായണിയെ അല്ലാതെ മറ്റാരെയാണ് മലയാളിക്ക് ഓര്‍മ വരിക. മതിലുകള്‍ക്കപ്പുറത്തെ ലളിതയുടെ ശബ്ദത്തെയും. ബഷീറിനെ മാത്രമേ നാം കണ്ടിട്ടുള്ളൂ...നാരായണി എത്തിയത് ലളിതയുടെ ശബ്ദത്തിലായിരുന്നു. പരസ്പരം കാണാതെ പ്രണയത്തിലാകുന്ന ബഷീറും നാരായണിയും മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ജോഡികളായിരുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരെ എഴുതിയ കുറ്റത്തിനായിരുന്നു ബഷീറിനെ തടവിലാക്കിയത്. തൊട്ടപ്പുറത്ത് വനിത ജയിലിലായിരുന്നു നാരായണി. ഒരു മതിലിനപ്പുറവും ഇപ്പുറവും നിന്നാണ് അവര്‍ പരിചയപ്പെടുന്നതും പ്രണയിക്കുന്നതു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം ഒരേ ദിവസം തന്നെ ജയിലിനോടനുബന്ധിച്ചുള്ള ആശുപത്രിയില്‍ വെച്ച് കണ്ടുമുട്ടാം എന്നായിരുന്നു അവരുടെ പ്ലാന്‍. അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ബഷീറിന് താന്‍ അതിനുമുന്‍പ് തന്നെ ജയില്‍മോചിതനാകും എന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരുന്നു. അതുവരെ കൊതിച്ചിരുന്ന മോചനം വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങുന്നു. മമ്മൂട്ടിയായിരുന്നു ബഷീറിനെ അവതരിപ്പിച്ചത്.

1990 മേയ് 18നാണ് മതിലുകള്‍ തിയറ്ററുകളിലെത്തിയത്. അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു സംവിധാനം. 1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം മികച്ച അഭിനയം, സംവിധാനം എന്നിവക്ക് ഉൾപ്പെടെ ആ വർഷത്തെ നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്.



Similar Posts