Entertainment
ഊതിക്കാച്ചിയ പൊന്ന് കരിക്കട്ടയാക്കീലേ...  ഹൃദയം നിറച്ച്, കണ്ണു നനച്ച് ലളിത തന്ന അമ്മ വേഷങ്ങള്‍
Entertainment

ഊതിക്കാച്ചിയ പൊന്ന് കരിക്കട്ടയാക്കീലേ... ഹൃദയം നിറച്ച്, കണ്ണു നനച്ച് ലളിത തന്ന അമ്മ വേഷങ്ങള്‍

Web Desk
|
23 Feb 2022 2:12 AM GMT

ലളിതയുടെ അമ്മ വേഷങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു

പകരം വയ്ക്കാനില്ലാത്ത എന്നു വെറുതെ പറയുകയായിരുന്നില്ല മലയാളി. ശരിക്കും കെ.പി.എ.സി ലളിതക്ക് പകരം വയ്ക്കാന്‍ മറ്റൊരു നടിയുണ്ടായിരുന്നില്ല. ഏത് വേഷവും ആ കൈകളില്‍ ഭദ്രമെന്നത് വെറുമൊരു ഭംഗിവാക്കു മാത്രമായിരുന്നില്ല.ഭദ്രമെന്നല്ല പറയേണ്ടത് ലളിതയുടെ കൈകളിലെത്തിയാല്‍ ഏതു റോളും മികച്ചതാകുമായിരുന്നെന്നേ പറയാനാകൂ.

ലളിതയുടെ അമ്മ വേഷങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. സ്ഥിരം അമ്മ വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജീവിതത്തില്‍ നിന്നും പകര്‍ത്തിയെടുത്ത അമ്മമാരായിരുന്നു എല്ലാം. മലയാളിയെ ഏറ്റവും കൂടുതല്‍ കരയിച്ച അമ്മയായിരുന്നു കന്‍മദത്തിലെ യശോദാമ്മ. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ എന്നിവര്‍ മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ കുറച്ചു സീനുകള്‍ കൊണ്ട് ലളിത പ്രേക്ഷകരെ കരയിച്ചുകളഞ്ഞു, അതിശയിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കാണാനെത്തുന്ന വിശ്വനാഥന്‍ താൻ ആരാണെന്ന് മനസ്സിലാകാതെ നിൽക്കുന്ന യശോദാമ്മയോട് :" ഞാനാണമ്മേ " എന്ന് പറയുന്നത്.

തന്‍റെ മകനെ തിരിച്ചറിഞ്ഞ യശോദ വാത്സല്യം കൊണ്ടു വാരിപ്പുണരുന്നു. എന്നാല്‍ രണ്ടാം ഭര്‍ത്താവിന്‍റെ യശോദേ എന്ന വിളി കേട്ടതോടെ പെട്ടെന്ന് ലളിതയുടെ മുഖം മാറുന്നു. " ചത്തിട്ടില്ല.. അതറിഞ്ഞു കൊല്ലാനാണോ വന്നത് !! എന്നു ചോദിക്കുന്നു. ഒരു നിമിഷം പഴയകാലത്തിലേക്ക് പോയ യശോദാമ്മ..മകന്‍ കാല്‍ തൊട്ടു പിന്തിരിഞ്ഞു നടക്കുമ്പോള്‍ പൊട്ടിക്കരയുന്ന അമ്മ..അസാധാരണമായ അഭിനയമികവുള്ളവര്‍ക്ക് മാത്രം ചെയ്യാവുന്ന കഥാപാത്രം വളരെ ഈസിയായി ചെയ്തു കയ്യടി വാങ്ങി ലളിത.


സ്ഫടികത്തില്‍ തെമ്മാടിയായ ആടുതോമയുടെ അമ്മയുടെ അമ്മയായിരുന്നു ലളിത. തോമ പൊന്നമ്മച്ചി എന്നു വിളിക്കുന്ന മേരി..ചാക്കോ മാഷിന്‍റെ ഭാര്യ. തോമ എങ്ങനെ ചട്ടമ്പിയായി എന്നു പല തവണ ലളിതയുടെ കഥാപാത്രം പല തവണ ചിത്രത്തിലൂടെ ആവര്‍ത്തിക്കുന്നുണ്ട്. ചാക്കോ മാഷും തോമയും ഒന്നാകുമ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുന്ന മേരി..കാണുന്തോറും ഹൃദയത്തില്‍ ഇരിപ്പുറപ്പിക്കുന്ന ലളിതയുടെ അമ്മ വേഷങ്ങള്‍..

തള്ള ചത്തിട്ടില്ലേ...എന്നു ചോദിക്കുമ്പോള്‍ ഇല്ലെടാ നാറീ..എന്നു പറയുന്ന സി.പി മാമച്ചന്‍റെ അമ്മ. ഭര്‍ത്താവിന്‍റെ മരണത്തിന് കാരണം മകനാണെന്ന് വിശ്വസിച്ചിരുന്ന ഗോപാലകൃഷ്ണ പിള്ളയുടെ അമ്മ, കടിഞ്ഞൂല്‍ കല്യാണത്തിലെ, വടക്കുനോക്കിയന്ത്രത്തിലെ, തലയണ മന്ത്രത്തിലെ, അനിയത്തി പ്രാവിലെ ..ലളിത നിറഞ്ഞാടിയ അമ്മ വേഷങ്ങള്‍ കണ്ണും കരളും നിറച്ച് ഇങ്ങനെ മനസിലുണ്ട്.

കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ലളിത ചെയ്തിട്ടുണ്ട്.




Similar Posts