Entertainment
അറുപതാണ്ട് പിന്നിട്ട് ചിത്രാനദി..; പിറന്നാൾ നിറവിൽ മലയാളത്തിന്റെ വാനമ്പാടി
Entertainment

അറുപതാണ്ട് പിന്നിട്ട് ചിത്രാനദി..; പിറന്നാൾ നിറവിൽ മലയാളത്തിന്റെ വാനമ്പാടി

Web Desk
|
27 July 2023 12:57 AM GMT

പ്രണയമായി, വിരഹമായി, വിഷാദമായി നാലുപതിറ്റാണ്ടിലേറെയായി നമ്മുടെ കാതുകളിൽ മുഴങ്ങുന്ന സ്വരമാധുര്യത്തിന്റെ പേരാണ് കെ.എസ്.ചിത്ര

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. പുതുസ്വരങ്ങള്‍ കടന്നുവരുമ്പോഴും ഇന്ത്യന്‍ ചലച്ചിത്ര പിന്നണിഗായികമാരില്‍ മുന്‍നിരക്കാരിലൊരാളായി ആ ശബ്ദമുണ്ട്. ആ സ്വരത്തിനും നിഷ്‌കളങ്കമായ ചിരിയ്ക്കും അറുപതിന്റെ ചെറുപ്പമാണ്.

നാലുപതിറ്റാണ്ടിലേറെയായി നമ്മുടെ കാതുകളിൽ മുഴങ്ങുന്ന സ്വരമാധുര്യത്തിന്റെ പേരാണ് കെ.എസ്.ചിത്ര. മലയാളിയുടെ ബാല്യ, കൗമാര, യൗവന ചേതനകൾക്കൊപ്പം ആ ശബ്ദവും ഉണ്ടായിരുന്നു. തലമുറ വ്യത്യാസമില്ലാതെ സംഗീതപ്രേമികൾ ചിത്രയുടെ ഗാനങ്ങൾ നെഞ്ചേറ്റി. പ്രണയമായി, വിരഹമായി, വിഷാദമായി അങ്ങനെ പല ഭാവങ്ങളിൽ മലയാളത്തിന്റെ വാനമ്പാടിയായി കെ.എസ് .ചിത്ര.


1979ൽ എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിലെ 'ചെല്ലം ചെല്ലം' എന്ന ഗാനത്തിലൂടെയാണ് ചിത്രയുടെ അരങ്ങേറ്റം. എം.ജി രാധാകൃഷ്ണൻ തന്നെ ഈണമിട്ട 'രജനീ പറയൂ' എന്ന ഗാനമാണ് ആദ്യ ഹിറ്റ്. പിന്നീടങ്ങോട്ട് ചിത്രയുടെ മാസ്മരിക ശബ്ദവും നിറപുഞ്ചിരിയും മലയാളവും കടന്ന് തെന്നിന്ത്യയിലെ സംഗീത പ്രേമികളുടെ ഇഷ്ടതാളങ്ങളിലൊന്നായി.


തമിഴ് സിനിമാ ലോകമാണ് ആദ്യമായി ചിത്രയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. 1986 ൽ പുറത്തിറങ്ങിയ "പാടറിയേൻ പഠിപ്പറിയേൻ" എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ 'മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി' എന്ന ഗാനത്തിലൂടെ ആ പുരസ്കാരം ചിത്ര കേരളിത്തിലേക്കെത്തിച്ചു.


ഇന്ത്യൻ സിനിമ സംഗീതത്തിൽ തന്നെ അവിഭാജ്യഘടകമായി ആ ശബ്ദം മാറി. വിവിധ ഭാഷകളിലാണ് ഇരുപത്തി അയ്യായിരത്തിലധികം ഗാനങ്ങൾ ഭാവതീവ്രമായി ചിത്ര പാടിവെച്ചു. ആറ് ദേശീയ പുരസ്കരങ്ങളും വിവിധ സംസ്ഥാന പുരസ്കാരങ്ങളും ചിത്രയെ തേടിയെത്തി. പത്മശ്രീയടക്കമുള്ള പുരസ്‌കാരങ്ങൾ തേടിയെത്തിയപ്പോഴും നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടുകൂടി മാത്രമേ അവർ അതൊക്കെ ഏറ്റുവാങ്ങിയിട്ടുള്ളു. പല്ലവിയിൽനിന്ന് അനുപല്ലവിയിലേക്ക് കടക്കുന്ന സുന്ദര സംഗീതം പോലെ ആ ചിത്രാനദി അറുപതാണ്ട് പിന്നിട്ട് ഒഴുകുന്നു.

Similar Posts